രാജ്യസുരക്ഷ പ്രധാനം; കരാർ നഷ്ടമായതിനെതിരേ തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി
രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ സുരക്ഷാ അനുമതി റദ്ദാക്കിയതിനെത്തുടർന്നു വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് കരാർ നഷ്ടമായതിനെതിരേ തുർക്കി കമ്പനി സെലബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സിവിൽ വ്യോമയാന മന്ത്രാലയത്തിന്‍റെ നടപടി ദേശീയ സുരക്ഷ മുൻനിർത്തിയാണെന്നു വ്യക്തമാക്കിക്കൊണ്ടാണു ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ മേയ് 23ന് ഹർജികളിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുണ്ടായ സൈനിക സംഘർഷത്തിൽ തുർക്കി പാക്കിസ്ഥാനെ സഹായിച്ച പശ്ചാത്തലത്തിലാണു മുംബൈയും ഡൽഹിയും കൊച്ചിയുമടക്കം രാജ്യത്തെ 9 പ്രധാന വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികൾ ചെയ്തിരുന്ന തുർക്കി കമ്പനിയുടെ സുരക്ഷാ അനുമതി കേന്ദ്രം റദ്ദാക്കിയത്. മുൻകൂർ നോട്ടീസ് നൽകാതെ പുറത്താക്കിയത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നായിരുന്നു കമ്പനിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം. വിമാന സുരക്ഷാ ചട്ടങ്ങൾ പ്രകാരം സുരക്ഷാ അനുമതി സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും മുൻപ് സിവിൽ വ്യോമയാന സുരക്ഷാ ബ്യൂറോ ഡയറക്റ്റർ ജനറൽ എതിർ കക്ഷിയെ കേൾക്കേണ്ടതായിരുന്നെന്നും റോഹത്ഗി പറഞ്ഞു.
സെലബിക്ക് നിയമപരമായ പരിഹാരം തേടാൻ അവകാശമുണ്ടെങ്കിലും അനുമതി റദ്ദാക്കിയത് പ്രത്യേക സാഹചര്യത്തിലാണെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത അറിയിച്ചു. ദേശീയ സുരക്ഷ ഭീഷണിയിലായിരിക്കുമ്പോൾ എതിർകക്ഷിയെ കേൾക്കാനോ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പരസ്യപ്പെടുത്താനോ സർക്കാരിനു സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യുടെ ഓപ്പറേഷൻ സിന്ദൂറിനെതിരേ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ തുർക്കിയുടെ ഡ്രോണുകളാണ് ഏറെയും ഉപയോഗിച്ചത്. സംഘർഷത്തിൽ തുർക്കി പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാട് പരസ്യമായി സ്വീകരിച്ചിരുന്നു.