"സ്ത്രീയുടെ വസ്ത്രം ലൈംഗികാതിക്രമത്തിനുള്ള ന്യായീകരണമല്ല, ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ"; ഡൽഹി ഹൈക്കോടതി

"ജീൻസ് ധരിക്കുന്ന ഒരു സ്ത്രീ ആൺകുട്ടികളെ വഴിതെറ്റിച്ചേക്കാം എന്ന അഭിപ്രായം അതീവ ആശങ്കാജനകവും അംഗീകരിക്കാനാവാത്തതുമാണ്"
Delhi HC says clothes a woman wears do not justify sexual assault

"സ്ത്രീയുടെ വസ്ത്രം ലൈംഗികാതിക്രമത്തിനുള്ള ന്യായീകരണമല്ല, ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ"; ഡൽഹി ഹൈക്കോടതി

representative image

Updated on

ന്യൂഡൽഹി: സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ലെന്ന് ഡൽഹി ഹൈക്കോടതി. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ എന്നും കോടതി പറഞ്ഞു.

വസ്ത്രധാരണം ചൂണ്ടിക്കാട്ടി സ്ത്രീയെ കുറ്റപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി റദ്ദാക്കി. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അയാളുടെ മാത്രം തീരുമാനമാണ്. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വരണം. എല്ലാവരോടും മാന്യമായി പെരുമാറാനും കുട്ടികളെ പഠിപ്പിക്കുകയാണ് മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടതെന്നും ജസ്റ്റിസ് ചന്ദ്രശേഖർ സുധ നിരീക്ഷിച്ചു.

വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകൻ സ്വീകരിച്ച ക്രോസ് വിസ്താരത്തെയും കോടതി വിമർശിച്ചു. ഇത്തരം രീതികളും വാദങ്ങളും പെൺകുട്ടിയെ സ്വഭാവഹത്യ നടത്തുന്നതാണെന്ന് കോടതി പറഞ്ഞു. പെൺകുട്ടിയുടെ വസ്ത്രധാരണം, പെൺകുട്ടിയുടെ വസ്ത്രധാരണത്തോടുള്ള എതിർപ്പ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജീൻസ് ധരിക്കുന്ന ഒരു സ്ത്രീ ആൺകുട്ടികളെ വഴിതെറ്റിച്ചേക്കാം എന്ന അഭിപ്രായം അതീവ ആശങ്കാജനകവും അംഗീകരിക്കാനാവാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീയുടെ വസ്ത്രധാരണം അവരുടെ അന്തസിനെ കുറയ്ക്കുന്നില്ലെന്നും, അവർക്കെതിരായ ആക്രമണങ്ങൾ ന്യായീകരിക്കാൻ അത് കാരണമാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com