രാഘവ് ഛദ്ദയ്‌ക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്

അഞ്ചു പോസ്റ്റുകള്‍ മാത്രമാണ് നീക്കാന്‍ ഉത്തരവിടുന്നതെന്നും മറ്റുള്ളവ പ്രഥമദൃഷ്ടിയാല്‍ അപകീര്‍ത്തികരമല്ലെന്നും കോടതി
Raghav Chadha

രാഘവ് ഛദ്ദ

Updated on

ന്യൂഡല്‍ഹി: ബിജെപി എംപി രാഘവ് ഛദ്ദയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയിലുള്ള അപകീര്‍ത്തികരമായ അഞ്ചു പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സുബ്രമണ്യം പ്രസാദാണ് പോസ്റ്റുകള്‍ നീക്കാന്‍ ബുധനാഴ്ച ഉത്തരവിട്ടത്. അഞ്ചു പോസ്റ്റുകള്‍ മാത്രമാണ് നീക്കാന്‍ ഉത്തരവിടുന്നതെന്നും മറ്റുള്ളവ പ്രഥമദൃഷ്ടിയാല്‍ അപകീര്‍ത്തികരമല്ലെന്നും ജസ്റ്റിസ് സുബ്രമണ്യം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രവും വ്യക്തിവിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് രാഘവ് ഛദ്ദ കോടതിയെ സമീപിച്ചിരുന്നു. ''പണത്തിനുവേണ്ടി സ്വയം വിറ്റു'' എന്നു തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്നും അതിനാല്‍ സംരക്ഷണം വേണമെന്നും ഛദ്ദ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തിത്വ അവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തന്നെപ്പറ്റി നിര്‍മിക്കുന്ന വ്യാജ ചിത്രങ്ങള്‍, വീഡിയോകള്‍, പ്രസംഗങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സംരക്ഷണം തേടിയാണ് ഛദ്ദ കോടതിയില്‍ എത്തിയത്. താന്‍ സാരി ധരിച്ചുനില്‍ക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്കു മേല്‍ പണം ചൊരിയുന്നതുമായ നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉണ്ടെന്നും ഛദ്ദ പറഞ്ഞിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ യുവനേതാവായിരുന്ന രാഘവ് ഛദ്ദ 2026 ഏപ്രില്‍ 24നാണ് രാഘവ് ഛദ്ദ ബിജെപിയില്‍ ചേര്‍ന്നത്. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ രാഘവ് ഛദ്ദയ്‌ക്കെതിരായ പ്രചാരണം ആരംഭിച്ചത്.

logo
Metro Vaartha
www.metrovaartha.com