
file image
ന്യൂഡൽഹി: സർബത്ത് ജിഹാദുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ ബാബാ രാംദേവിനെതിരേ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രയോഗങ്ങളാണ് രാംദേവിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്നും, ഇതിനെ ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
രാംദേവിന്‍റെ പരാമർശത്തിനെതിരേ റൂഹ് അഫ്സ സർബത്ത് കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം ആദ്യം പതഞ്ജലിയുടെ റോസ് സർബത്ത് പുറത്തിറക്കിയപ്പോഴായിരുന്നു രാംദേവിന്‍റെ വിവാദ പരാമർശം.
''നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. അവർക്ക് അതിൽ നിന്നു ലഭിക്കുന്ന ലാഭം മുഴുവനും മദ്രസകൾ പണിയാനും പള്ളികൾ പണിയാനുമാണ് ഉപയോഗിക്കുന്നത്. എന്നാൽ, പതഞ്ജലിയുടെ റോസ് സർബത്ത് കുടിച്ചാൽ ഗുരുകുലങ്ങൾ പണിയും. ആചാര്യകുലം വികസിപ്പിക്കും, പതഞ്ജലി സർവകലാശാല വികസിക്കും, ഭാരതീയ ശിക്ഷാ ബോർഡ് വളരും'', അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദിനെയും വോട്ട് ജിഹാദിനെയും പോലെ തന്നെയാണ് സർബത്ത് ജിഹാദും എന്നായിരുന്നു ഫെയ്സ് ബുക്ക് വീഡിയോയിലൂടെ രാംദേവ് ആരോപിച്ചത്. സർബത്ത് എന്ന പേരിൽ റൂ അഫ്സ വിൽക്കുന്നത് ടോയ്ലറ്റ് ക്ലീനറിലും ശീതളപാനീയങ്ങളിലുമുള്ള വിഷമാണെന്നും ഇതിൽ നിന്ന് നിങ്ങൾ സ്വയം രക്ഷ നേടണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. പതഞ്ജലി സർബത്തുകൾ മാത്രം വീട്ടിലേക്കു കൊണ്ടുപോകുക എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ.