ന്യൂഡൽഹി: ഇന്ത്യൻ സൈനവുമായി ബന്ധപ്പെട്ട അഗ്നിപഥ് പദ്ധതിക്കെതിരായ കേസിൽ കേന്ദ്രത്തിന് അനുകൂല വിധി. അഗ്നിപഥ് പദ്ധതി ശരിവെച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിപ്പിച്ചു. പദ്ധതിയിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. പദ്ധതിക്കെതിരെ വന്ന എല്ലാ ഹർജികളും കോടതി തള്ളി. രാജ്യത്തിന്‍റെ താൽപര്യം ലക്ഷ്യം വച്ചുള്ളതാണ് പദ്ധതിയാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. അഗ്നിപഥിലേക്കുള്ള റിക്രൂട്ട്മെന്‍റ് നിർത്തി വെച്ചതിനെതിരായ ഹർജിയും തള്ളി.
ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. അഗ്നിപഥ് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. അഗ്നിപഥുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹർജികളും ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു.
2022 ജൂൺ 14 നാണ് അഗ്നിപഥ് പദ്ധതി കേന്ദ്രം പ്രഖ്യാപിക്കുന്നത്. സായുധ സേനയിലേക്കുള്ള ഒരു പാൻ ഇന്ത്യ ഹ്രസ്വകാല സേവന റിക്രൂട്ട്‌മെന്‍റ് പദ്ധതിയാണിത്. കര-നാവിക-വ്യോമസേനയിലേക്കായിരിക്കും ഇങ്ങനെ തെരഞ്ഞെടുക്കുന്ന യുവാക്കളെ നിയമിക്കുക. 17 വയസ്സ് കഴിഞ്ഞവർക്ക് മുതൽ 21 വയസ്സ് വരെയുള്ളവർക്ക് പദ്ധയിൽ അപേക്ഷിക്കാം. ആറ് മാസത്തെ പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്ക് 30000 രൂപ മാസ ശമ്പളത്തോടെയാകും നിയമനം.