ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ കെ സിആറിന്‍റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ ഇ ഡി ചോദ്യം ചെയ്യും. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകി.
കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളക്ക് ഒപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്യും എന്നാണ് പുറത്തുവരുന്ന സൂചന. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ സിബിഐ 7 മണിക്കൂറോളം കവിതയെ ചോദ്യം ചെയ്തിരുന്നു. അഴിമതിയിൽപ്പെട്ട ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65% ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇ ഡി കേസെടുത്തത്.
അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കു ശേഷമാണ് ഇ ഡിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കം. സിസോദിയടക്കം പത്തുപേരാണ് അറസ്റ്റിലായിരിക്കുന്നത്.