

ഡൽഹിയിൽ മോസ്കിന് സമീപം അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം; 5 പൊലീസുകാർക്ക് പരുക്ക്
ന്യൂഡൽഹി: രാംലീല മൈതാനിക്കടുത്ത് മോസ്കിന് സമീപം തുർക്ക്മാൻ ഗേറ്റിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടായി. 5 പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു.
പുലർച്ചെ ഒന്നരയ്ക്കുള്ള നീക്കത്തിനിടെയാണ് പ്രതിഷേധമുണ്ടായത്. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള സയ്യിദ് ഫൈസ് എലാഹി പള്ളിയുടെയും ശ്മശാനത്തിന്‍റെയും സമീപമുള്ള ഭൂമിയിൽ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി ഉദ്യോഗസ്ഥരാണ് ബുധനാഴ്ച പുലർച്ചെ നടപടി ആരംഭിച്ചത്. പിന്നാലെയായിരുന്നു പ്രതിഷേധം.
കടകളെല്ലാം ഉള്ള സ്ഥലമാണ് ഒഴിപ്പിച്ചത്. നേരെത്തെ തന്നെ പ്രദേശത്ത് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നതായി പൊലീസ് പറയുന്നു. കല്ലേറിൽ പങ്കെടുത്തവർക്കെതിരേ നടപടിയെടുക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.