

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഒക്റ്റോബർ 10ന് ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്താനിരുന്ന പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. അപേക്ഷ വൈകി സമർപ്പിച്ചതും മുൻ പ്രതിഷേധത്തിൽ ചട്ടങ്ങൾ ലംഘിച്ചതുമാണ് അനുമതി നിഷേധിക്കാൻ കാരണമെന്ന് ന്യൂഡൽഹി റേഞ്ച് ജോയിന്‍റ് പൊലീസ് കമ്മിഷണർ നൂപുർ പ്രസാദ് അറിയിച്ചു.
പ്രതിഷേധത്തിന് അനുമതി തേടിയുള്ള അപേക്ഷ ഒക്റ്റോബർ ഏഴിനാണ് പൊലീസിന് ലഭിച്ചത്. പ്രതിഷേധത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ അപേക്ഷ സമർപ്പിച്ചത് ചട്ടവിരുദ്ധമാണെന്ന് ജോയിന്‍റ് പൊലീസ് കമ്മിഷണർ പറഞ്ഞു.
നിയമപ്രകാരം പ്രതിഷേധത്തിന് കുറഞ്ഞത് 10 ദിവസം മുൻപെങ്കിലും അനുമതിക്കായി അപേക്ഷ സമർപ്പിക്കണം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 163-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ ന്യൂഡൽഹി ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജോയിന്‍റ് പൊലീസ് കമ്മിഷണർ വ്യക്തമാക്കി.