
ഇനി 'സെഡ്' വേണ്ട 'വൈ' മതി; അതിഷിയുടെ സുരക്ഷയിൽ മാറ്റം വരുത്താൻ ആഭ്യന്തര വകുപ്പിന്‍റെ നിർദേശം
File
ന്യൂഡൽഹി: ഡൽഹിയിലെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി മർലേനയുടെ സെഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കാൻ പൊലീസിന് ആഭ്യന്തര വകുപ്പിന്‍റെ നിർദേശം. പകരം വൈ കാറ്റഗറി സുരക്ഷ അനുവദിക്കാനാണ് നിർദേശം. അതിഷിക്കെതിരായ ഭീഷണിയെക്കുറിച്ച് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് സുരക്ഷ വെട്ടിക്കുറച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്.
നിലവിൽ സെഡ് കാറ്റഗറി സുരക്ഷയുടെ ആവശ്യം അതിഷിക്കില്ലെന്നാണ് സുരക്ഷാ ഏജൻസിയുടെ കണ്ടെത്തൽ. പുതിയതോ ഗുരുതരമോ ആയ ഭീഷണികളില്ലാത്തതിനാൽ സെഡ് കാറ്റഗറി സുരക്ഷ എടുത്തു മാറ്റുന്നുവെന്നാണ് വിശദീകരണം.
വൈ കാറ്റഗറി സുരക്ഷയിലേക്ക് താഴുന്നതോടെ 2 കാമൻഡർമാർ അടക്കം 12 പൊലീസുകാരാവും അതിഷിയുടെ സുരക്ഷയ്ക്കായി ഉണ്ടാവുക. മാത്രമല്ല പൈലറ്റ് വാഹനം പോലുള്ള പ്രത്യേക അവകാശങ്ങളും നീക്കം ചെയ്യപ്പെടും.
അതിഷിയുടെയും അരവിന്ദ് കെജ്രിവാളിന്‍റെയും സുരക്ഷ സംബന്ധിച്ച് അടുത്തിടെ ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തോട് വിവരം തേടിയിരുന്നു. മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സെഡ്+ സുരക്ഷയാണ് അനുവദിച്ചിക്കുന്നത്.
ആദ്യം ഇരുവരുടെയും സുരക്ഷാ സംവിധാനങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അതിഷിയുടെ സുരക്ഷ സംബന്ധിച്ച് മാത്രമാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്.