
Delhi police
ന്യൂഡൽഹി: തലസ്ഥാനത്തെ തെരുവുകളിൽ സുരക്ഷയും സാന്നിധ്യവും ശക്തിപ്പെടുത്താൻ പുതിയ പട്രോളിങ് സംവിധാനവുമായി ഡൽഹി പൊലീസ്. ചെങ്കോട്ടയിൽ വച്ചായിരുന്നു ഉദ്ഘാടനം. സ്പെഷ്യൽ കമ്മീഷണർ ഓഫ് പൊലീസ് രവീന്ദ്ര സിങ് യാദവ് മുഖ്യാതിഥിയായ ചടങ്ങിൽ 'ജാഗ്വർ' പട്രോളിങ് ബൈക്കും 'ഝാൻസി' പട്രോളിങ് സ്കൂട്ടറും നിരത്തിലിറക്കി.
71 ജാഗ്വർ ബൈക്കുകൾ ഉദ്യോഗസ്ഥൻമാർക്കും 15 സ്കൂട്ടറുകൾ വനിതാ പൊലീസിനുമായിരിക്കും നൽകുക. എല്ലാ വാഹനങ്ങളിലും ജിപിഎസ് സംവിധാനങ്ങളും പ്രത്യേക പരിശീലനം നേടിയ പൊലീസ് സംഘങ്ങളും ഉണ്ടായിരിക്കും.
കോളെജുകൾ, ഓഫീസുകൾ സ്ത്രീകൾ സുരക്ഷിതരല്ലാത്ത മേഖലകൾ എന്നിവിടങ്ങളിലെ സുരക്ഷയെ കേന്ദ്രീകരിച്ചായിരിക്കും ഝാൻസി പട്രോളിങ് സ്കൂളുകൾ വിന്യസിക്കുക. പ്രധാന റോഡുകൾ അടക്കം തിരക്കേറിയ പ്രദേശങ്ങളിലേക്കാണ് ജാഗ്വർ പട്രോളിങ്.
നിരീക്ഷണം നടത്തി കുറ്റകൃത്യങ്ങൾ തടയുകയും ഏതു സമയവും പ്രവർത്തനസജ്ജരായിരിക്കുകയും ചെയ്യുക എന്നതാണ് നിർദേശം. പുതിയ സംവിധാനം സ്ത്രീകളുടെ സുരക്ഷയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.