

പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന്റെ പേരിൽ പ്രചരിച്ച വ്യാജ വിഡിയോ പങ്കുവച്ചതിന് മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരേ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യാവിരുദ്ധ പരാമർശങ്ങളുള്ളതെന്ന രീതിയിൽ പ്രചരിച്ച വിഡിയോ പങ്കുവച്ച സംഭവത്തിലാണ് നടപടി.
നവംബർ മൂന്നിന് 'ദിക്വോട്ട്സ്ന്യൂസ്' എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്ന പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ കേസ് രജിസ്റ്റർ ചെയ്തത്. പ്രശാന്ത് ഭൂഷണിന്റെ എക്സ് അക്കൗണ്ടിൽ നിന്ന് വ്യാജ വിഡിയോ പങ്കുവച്ചെന്നായിരുന്നു പോസ്റ്റിലെ ആരോപണം. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും വ്യക്തികളെ അപകീർത്തിപ്പെടുത്താനും പൊതുസമാധാനം തകർക്കാനും സാധ്യതയുള്ള തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ ഉള്ളടക്കമാണ് വിഡിയോയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെയും ഐടി നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസ്.
റഷ്യൻ വിദേശകാര്യമന്ത്രിയുടെ പേരിൽ പ്രചരിച്ച വിഡിയോ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെയും എണ്ണ ഇറക്കുമതിയെയും വിമർശിക്കുന്ന പരാമർശങ്ങൾ ലാവ്റോവ് നടത്തിയെന്ന രീതിയിലായിരുന്നു വിഡിയോ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.