ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച പരാമർശത്തിൽ മൊഴിയെടുക്കാനെത്തിയ പൊലീസ് രണ്ടര മണിക്കൂറോളം കാത്തുനിന്നതിനു ശേഷം മടങ്ങി. തിരക്കായതിനാൽ പീന്നീട് മറുപടി നൽകാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചതിനു ശേഷമാണ് വസതിയിൽ നിന്ന് പൊലീസ് സംഘം മടങ്ങിയത്.
സംഭവത്തിന്‍റെ വിശദീകരണം തേടി ഡൽഹി പൊലീസ് രാഹുലിന്‍റെ വസിതിയിലെത്തിയിരുന്നു . ഇന്ത്യയിൽ സ്ത്രീകൾ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന് ശ്രീനഗറിൽ നടന്ന സമാപന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. പ്രസംഗിക്കുന്നതിനിടെ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാഹുൽ ഗാന്ധിടെ വസതിയിലെത്തിയത്.
ഇതിന് മുമ്പും ലൈംഗിക ചൂഷണത്തിനിരയായ സ്ത്രീകളുടെ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. തുടർന്നാണ് വിവരങ്ങൾ ആവശ്യപ്പെട്ട് നേരിട്ടെത്തിയത്. ഇതിനിടെ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയ കോൺഗ്രസ് നേതാവ് പവൻ ഖേരയെ പൊലീസ് തടഞ്ഞു. കേന്ദ്ര സർക്കാർ ഭയപ്പെടുത്താൻ നോക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ് അയച്ച നോട്ടീസിന് നിയമസാധുതയില്ലെന്ന് കോൺഗ്രസ് നേരത്തെ പ്രതികരിച്ചിരുന്നു.