Delhi Police summons Telangana CM Revanth Reddy
Revanth Reddyfile

അമിത് ഷായുടെ വ്യാജ വിഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് ഡൽഹി പൊലീസിന്‍റെ സമൻസ്

കേന്ദ്ര ആബ്യന്തര മന്ത്രാലയവും ബിജെപിയും നൽകിയ പരാതിയിലാണു നടപടി
Published on

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വിഡിയൊ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡൽഹി പൊലീസിന്‍റെ സമൻസ്. നാളെ മൊബൈൽ ഫോണുമായി ഡൽഹി പൊലീസിന്‍റെ ഐഎഫ്എസ്ഒ യൂണിറ്റിന് (സൈബർ യൂണിറ്റ്) മുമ്പാകെ ഹാജരാകാനാണു നിര്‍ദേശം. അമിത് ഷായുടെ വ്യാജ വിഡിയൊ എക്‌സിൽ പോസ്‌റ്റ് ചെയ്യാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന മൊബൈൽ ഫോണാണ് എത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തെലങ്കാനയിൽ മുസ്‌ലിംകൾക്ക് മതാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തിയത് റദ്ദാക്കുമെന്ന് സൂചിപ്പിക്കുന്ന അമിത് ഷായുടെ പ്രസ്താവന എല്ലാ സംവരണവും റദ്ദാക്കുമെന്ന തരത്തിലാക്കി സമൂഹമാധ്യമങ്ങളിൽ വിഡിയൊ പ്രചരിച്ചിരുന്നു. ഇതാണു രേവന്ത് റെഡ്ഡിയുൾപ്പെടെ പങ്കുവച്ചത്. തെലങ്കാന കോൺഗ്രസാണ് ഇതു പ്രചരിപ്പിക്കുന്നതെന്ന് ബിജെപി ഐടി സെൽ വിഭാഗം മേധാവി അമിത് മാളവ്യ പറഞ്ഞിരുന്നു. കേന്ദ്ര ആബ്യന്തര മന്ത്രാലയവും ബിജെപിയും നൽകിയ പരാതിയിലാണു നടപടി. രാജ്യവ്യാപകമായി പരിശോധന നടക്കുകയാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. റെഡ്ഡിക്കെതിരേ നടപടിയെടുക്കണമെന്നു ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, അന്വേഷണത്തെ താൻ ഭയക്കുന്നില്ലെന്നു രേവന്ത് റെഡ്ഡി പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികൾക്കെതിരേ ഇഡിയും സിബിഐയുമുൾപ്പെടെ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമാണ് തനിക്കെതിരായ നീക്കമെന്നും റെഡ്ഡി.

logo
Metro Vaartha
www.metrovaartha.com