
ഡൽഹിയിൽ കനത്ത മഴ; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ
ന്യൂഡൽഹി: ഡൽഹിയിൽ പ്രതികൂല കാലവസ്ഥ കണക്കിലെടുത്ത് വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയും കാറ്റും മൂലം യാത്രകൾക്കു കാലതാമസം നേരിടാനുള്ള സാധ്യത കണക്കിലെടുത്താണ് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയത്.
പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചേക്കാം. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുൻപ് ദയവായി എയർഇന്ത്യയുടെ വെബ്സൈറ്റിൽ നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർ ഇന്ത്യ അറിയിച്ചു.
"ഡൽഹിയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം വൈകാനും മന്ദഗതിയിലാകാനും സാധ്യതയുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. ആകാശം നിയന്ത്രിക്കാൻ ഞങ്ങൾക്ക് കഴിയില്ലെങ്കിലും, നിങ്ങളുടെ യാത്ര മികച്ച രീതിയിലാക്കാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും. ദയവായി നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക. എല്ലാ വിവരങ്ങളും ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതായിരിക്കും, നിങ്ങൾക്ക് എന്ത് സഹായം ആവശ്യമായി വന്നാലും ഞങ്ങൾ എപ്പോഴും ഒപ്പമുണ്ടാകും" എന്ന് ഇൻഡിഗോയും പ്രസ്താവനയിറക്കി.
''പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചേക്കാം. ലാൻഡിങ്ങിനെയും ടേക്ക് ഓഫിനെയും ഇത് ബാധിക്കാം. വെബ് സൈറ്റ് വഴി യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ അഭ്യർഥിക്കുന്നു. എന്ന് സ്പൈസ് ജെറ്റും അറിയിച്ചു.