

ഡൽഹിയിലെ ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്ഫോടനത്തിന്‍റെ ദൃശ്യം.
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ സുപ്രധാന ചരിത്ര സ്മാരകമായ ചെങ്കോട്ടയ്ക്കു സമീപം ശക്തമായ സ്ഫോടനം. സംഭവത്തിൽ നിരവധി പേർ മരിച്ചു. പലരും പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
സുരക്ഷാ ഏജൻസികൾ ഉടൻ തന്നെ പ്രദേശം വളയുകയും ഭീകരാക്രമണ സാധ്യത ഉൾപ്പെടെ എല്ലാ കോണുകളിൽ നിന്നും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സ്ഫോടനത്തിന്‍റെ ശബ്ദം കിലോമീറ്ററുകളോളം കേൾക്കുകയും ഡൽഹി നഗരത്തിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.
ചെങ്കോട്ടയുടെ പ്രധാന കവാടത്തിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെയുള്ള തിരക്കേറിയ റോഡരികിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന പ്രദേശം ഡൽഹി മെട്രൊയുടെ വയലറ്റ് ലൈനിലെ ലാൽ ക്വില മെട്രൊ സ്റ്റേഷന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.
സ്ഫോടനത്തിന്‍റെ ശക്തിയിൽ, സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ പൂർണമായി കത്തിനശിക്കുകയും ഒരു കാറിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലാണ് സ്ഫോടനമുണ്ടായത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ഡൽഹി പൊലീസ്, ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് (ATS), ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS) എന്നിവർ ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തി. സ്ഫോടനത്തിന്‍റെ സ്വഭാവം നിർണയിക്കുന്നതിനായി ദേശീയ അന്വേഷണ ഏജൻസി (NIA) ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
ആരാണ് സ്ഫോടനത്തിനു പിന്നിൽ, എന്തായിരുന്നു ലക്ഷ്യം എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും, രാജ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളിലൊന്നിന് സമീപം നടന്ന ഈ സംഭവം ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.
സംഭവസ്ഥലത്ത് നിന്ന് വിദഗ്ധർ ശേഖരിച്ച തെളിവുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഏതെങ്കിലും ഭീകരസംഘടനകൾക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് NIA അന്വേഷണം ഊർജിതമാക്കി. നഗരത്തിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും പൊതുസ്ഥലങ്ങളിലും ഗതാഗത കേന്ദ്രങ്ങളിലും കർശന പരിശോധന ഏർപ്പെടുത്തുകയും ചെയ്തു.