

ഉമർ നബി
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്‍റെ മുഖ‍്യ ആസൂത്രകൻ ഉമർ നബിക്കും സംഘത്തിനും പാക് ചാരസംഘടനയായ ഐഎസ്ഐയിൽ നിന്ന് സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ വിഡിയോ ചിത്രീകരിച്ചതിനു പിന്നിലും ഐഎസ്ഐയുടെ പങ്കുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അന്വേഷിച്ചു വരുകയാണ്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഡോക്റ്റർ ഷഹീൻ ഷാഹിദ് ഉൾപ്പടെ നിരവധി പേരെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിനു പിന്നിൽ ഡോക്റ്റർമാർ ഉൾപ്പെടുന്ന 10 അംഗ സംഘമാണെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ മൊഡ‍്യൂളിന്‍റെ ഭാഗമാണിവരെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.