

അൽ-ഫലാ സർവകലാശാല
2025 നവംബര്‍ 10
ഉത്സവ സീസണിന്‍റെ മധ്യത്തിലായിരുന്ന ഡല്‍ഹി നഗരം വായു മലിനീകരണവും ഗൂഢാലോചനയും കൊണ്ട് നിറഞ്ഞിരുന്നു. ഈ സമയത്ത് ഫരീദാബാദിലെ ഇരുണ്ട മുറികള്‍ക്കുള്ളില്‍, ഒരു കൂട്ടം ഡോക്റ്റര്‍മാര്‍ ഡല്‍ഹിയില്‍ നടത്തേണ്ട ഒരു കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ആസൂത്രണം ലക്ഷ്യം കണ്ടില്ല. സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണമായി മാറേണ്ടിയിരുന്ന ഒന്നില്‍ നിന്ന് ഡല്‍ഹിയെ രക്ഷിച്ചത് പൊലീസിന്‍റെയും ഇന്‍റലിജന്‍സിന്‍റെയും കൃത്യമായ ഇടപെടല്‍ കൊണ്ടായിരുന്നു. പൊലീസിന് ഭീകരാക്രമണ പദ്ധതിയെ കുറിച്ചു തുമ്പ് കിട്ടിയതാകട്ടെ കശ്മീരില്‍ ജെയ്ഷെ-ഇ-മുഹമ്മദിന്‍റെ പേരില്‍ പതിച്ച ഒരു പോസ്റ്ററില്‍ നിന്നും.
തുടക്കം കശ്മീലെ പോസ്റ്ററില്‍
2025 ഒക്‌റ്റോബര്‍ 18ന് കശ്മീര്‍ താഴ്‌വരയിലെ നൗഗാമില്‍ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദിന്‍റെ (ജെഇഎം) പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉറുദുവില്‍ എഴുതിയ പോസ്റ്ററുകള്‍ കശ്മീരിലെ സുരക്ഷാ സേനയ്ക്കും പുറത്തുനിന്നുള്ളവര്‍ക്കും (കശ്മീര്‍ സ്വദേശികളല്ലാത്തവര്‍) എതിരേ ഉടന്‍ 'ആക്രമണങ്ങള്‍' ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു.
നവംബര്‍ 10ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതോടെയാണു പോസ്റ്ററിന്‍റെ തീവ്രത വെളിപ്പെട്ടത്. താഴ്വരയില്‍ നിന്ന് ശ്രീനഗറിലേക്കും കുല്‍ഗാമിലേക്കും (കശ്മീരിലും), തുടര്‍ന്ന് ഫരീദാബാദിലേക്കും അന്വേഷണം നീങ്ങിയപ്പോള്‍, അതിര്‍ത്തിക്കപ്പുറത്ത് നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നെന്നും ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള, ഉയര്‍ന്ന യോഗ്യതയുള്ള തീവ്രവാദികളുടെ ഒരു ശൃംഖലയുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു.
പോസ്റ്ററിന്‍റെ ടൈമിങ്
2025 ഒക്‌റ്റോബര്‍ 18ന് പ്രത്യക്ഷപ്പെട്ട ഭീഷണി രൂപത്തിലുള്ള പോസ്റ്ററുകള്‍ കശ്മീര്‍ താഴ്‌വരയില്‍ സാധാരണമാണെങ്കിലും അത് പ്രത്യക്ഷപ്പെട്ട ടൈമിങ് ഏറെ പ്രാധാന്യമുള്ളതാണെന്ന് ശ്രീനഗറിലെ സീനിയര്‍ സൂപ്രണ്ട് ഒഫ് പൊലീസ് ജി.വി. സന്ദീപ് ചക്രവര്‍ത്തിക്കു തോന്നി. ഇതൊരു ചെറിയ സൂചനയാണെങ്കിലും അതിന്‍റെ പിന്നാലെ സഞ്ചരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതാണ് ഡല്‍ഹിയെ വലിയൊരു ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്.
ആദ്യ ലീഡ്
ദിവസങ്ങള്‍ക്കുള്ളില്‍ നിരീക്ഷണത്തിന്‍റെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെ 2025 ഒക്‌റ്റോബര്‍ 18ന് കശ്മീര്‍ താഴ്‌വരയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് ഉത്തരവാദികളായ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ആരിഫ് നിസാര്‍ ദാര്‍, യാസിര്‍-ഉല്‍-അഷ്റഫ്, മഖ്സൂദ് അഹമ്മദ് ദാര്‍ എന്നിവരായിരുന്നു ആ മൂന്ന് പേര്‍. അവരുടെ പെട്ടെന്നുള്ള അറസ്റ്റാണ് ഡല്‍ഹിയിലെ ആക്രമണത്തെ കുറിച്ചള്ള ആദ്യത്തെ നിര്‍ണായക സൂചന ലഭിച്ചത്.
അറസ്റ്റിലായവര്‍ സ്ലീപ്പര്‍ സെല്‍ അംഗങ്ങള്‍ അഥവാ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദികളായിരുന്നു. ഇവരില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ഷോപ്പിയാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുരോഹിതനായ മോള്‍വി ഇര്‍ഫാന്‍ അഹമ്മദിനെ കുറിച്ചു സൂചന ലഭിച്ചത്. ഇര്‍ഫാന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു പൊട്ടിയ മൊബൈല്‍ ഉപകരണം കണ്ടെത്തിയിരുന്നു. അതില്‍ നിന്ന് ഒരു വലിയ തുമ്പ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചു. ടെലഗ്രാം ചാനലില്‍ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശം ആ മൊബൈലില്‍ ഉണ്ടായിരുന്നു. ടെലഗ്രാം ചാനല്‍ കൈകാര്യം ചെയ്തിരുന്നത് ജെയ്ഷെ-ഇ-മുഹമ്മദിന്‍റെ ഉമര്‍ ബിന്‍ ഖത്താബ് ആയിരുന്നെന്നു തിരിച്ചറിഞ്ഞു. ഇവര്‍ നടത്തിയ ഗൂഢാലോചന ഒരു പ്രാദേശിക കലാപമായിരുന്നില്ല.
'ബ്രേക്ക്ത്രു' ലഭിച്ചത് ഇര്‍ഫാന്‍റെ സഹായില്‍ നിന്ന്
ഇര്‍ഫാന്‍റെ സഹായിയായ സമീര്‍ അഹമ്മദ് അഹാംഗര്‍ എന്ന മുത്‌ലാഷ ആണ് അന്വേഷണത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. ഭീകരരുടെ ശൃംഖല പുരോഹിതന്മാര്‍ക്കും തെരുവ് പ്രക്ഷോഭകര്‍ക്കും അപ്പുറത്തേക്ക് വ്യാപിച്ചുവെന്ന ഭയാനകമായ സത്യം മുത്‌ലാഷ സ്ഥിരീകരിച്ചു. ഇര്‍ഫാന്‍ ഒരു മെഡിക്കല്‍ പ്രൊഫഷണലിനെ തീവ്രവാദിയാക്കി മാറ്റിയെന്നും, മെഡിക്കല്‍ പ്രൊഫഷണലിന്‍റെ വീട്ടില്‍ ഒരു എകെ-47 റൈഫിള്‍ കണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതോടെ സമൂഹത്തില്‍ ഉയര്‍ന്ന മൂല്യം കല്‍പ്പിക്കുന്ന പ്രഫഷണല്‍സിനെ ഭീകരപ്രവര്‍ത്തനത്തിനു ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. ഇവര്‍ സ്ലീപ്പര്‍ സെല്‍ ആയി സമൂഹത്തിലുണ്ടെന്നും പൊലീസ് ഉറപ്പിച്ചു.
അന്വേഷണം ഡോ. മുസമ്മില്‍ ഷക്കീലിലേക്ക്
മുത്‌ലാഷ അന്വേഷണ ഏജന്‍സികളോടു പറഞ്ഞ മെഡിക്കല്‍ പ്രഫഷണല്‍ കശ്മീരില്‍ നിന്നുള്ള ഡോ. മുസമ്മില്‍ ഷക്കീല്‍ ആയിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. പക്ഷേ പൊലീസ് ഇയാളെ ' പൊക്കാന്‍ ' തീരുമാനിച്ചെങ്കിലും മുസമ്മില്‍ കശ്മീരില്‍ ഉണ്ടായിരുന്നില്ല. മാസങ്ങള്‍ക്കു മുന്‍പേ മുസമ്മില്‍ കശ്മീരില്‍ നിന്ന് മുങ്ങിയിരുന്നു. എങ്കിലും പൊലീസിന്‍റെ ഊര്‍ജിതമായ തിരച്ചിലിനൊടുവില്‍ മുസമ്മിലുള്ള സ്ഥലം കണ്ടെത്തി. അത് ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍-ഫലാഹ് സര്‍വകലാശാലയായിരുന്നു. അവിടെ മുസമ്മിലിന് ഒരു അധ്യാപകന്‍റെ റോളായിരുന്നു. സര്‍വകലാശാലയ്ക്കു തമിഴ്‌നാട് ആസ്ഥാനമായുള്ള ഒരു പ്രശസ്ത ചാരിറ്റബിള്‍ ട്രസ്റ്റായിരുന്നു ധനസഹായം നല്‍കിയിരുന്നത്.
ഡല്‍ഹി-ഫരീദാബാദ് കണക്ഷന്‍
ന്യൂഡല്‍ഹി ഇന്ത്യയുടെ തലസ്ഥാന നഗരിയാണ്. ഈ മഹാനഗരത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ഹരിയാനയിലെ ഫരീദാബാദ്. ഡല്‍ഹിയില്‍ വലിയൊരു ആക്രമണം നടത്താന്‍ അതുകൊണ്ടു തന്നെ ഉത്തമമായി കണക്കാക്കിയത് ഫരീദാബാദിനെയായിരുന്നു. അവിടെ ഒരു കേന്ദ്രം അഥവാ ലോജിസ്റ്റിക്‌സ് ബേസ് സ്ഥാപിക്കുക എന്നതായിരുന്നു ഭീകരരുടെ ലക്ഷ്യം. ഭീകരാക്രമണം നടത്താനുള്ള രാസവസ്തുക്കളും മറ്റും സംഭരിക്കാനും കൈകാര്യം ചെയ്യാനുമുള്ള സ്ഥലം അങ്ങനെ ഫരീദാബാദായി. മേവാത്ത് പുരോഹിതനായ ഹാഫിസ് മുഹമ്മദ് ഇഷ്തിയാക്കിന് ആയിരുന്നു ലോജിസ്റ്റിക്‌സിന്‍റെ നടത്തിപ്പ് ചുമതല.
പൊലീസിന്‍റെ ഏകോപനം
ഡല്‍ഹി ലക്ഷ്യമിടുന്നതായുള്ള വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പൊലീസും ഹരിയാന, ഉത്തര്‍പ്രദേശ് പൊലീസും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഐഇഡി പേലോഡ് (സ്‌ഫോടക വസ്തുക്കള്‍) സജീവമാക്കുന്നതിനു മുമ്പ് ഭീകരരെ പിടികൂടുക എന്നതായിരുന്നു പൊലീസിന്‍റെ ലക്ഷ്യം. ഡോ. മുസമ്മില്‍ അറസ്റ്റിലായത് ഫരീദാബാദില്‍ നിന്നാണ്. ഇവരെ കൂടാതെ യുപിയിലെ സഹരാന്‍പൂരില്‍ നിന്ന് അദീലിനെയും പൊലീസ് അറസ്റ്റ് ചെയ്തതോടെ സംഘത്തിന്‍റെ പദ്ധതി പാളി. ഏഴ് പേരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ആരിഫ് നിസാര്‍ ദര്‍, യാസിര്‍ ഉല്‍ അഷ്റഫ്, മഖ്സൂദ് അഹമ്മദ് ദര്‍ ഷാഹിദ്, മോള്‍വി ഇര്‍ഫാന്‍ അഹമ്മദ്, സമീര്‍ അഹമ്മദ് അഹാംഗേര്‍, ഡോ. മുസമ്മില്‍ അഹമ്മദ്, ഡോ. അദീല്‍ എന്നിവരാണ് അറസ്റ്റിലായ ഏഴ് പേര്‍.
ഏകദേശം 2,900 കിലോഗ്രാം ഐഇഡി നിര്‍മാണ വസ്തുക്കള്‍ പൊലീസ് കണ്ടെടുക്കുകയുണ്ടായി. അമോണിയം നൈട്രേറ്റ്, രാസവസ്തുക്കള്‍, ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍, ടൈമറുകള്‍, റിമോട്ട് കണ്‍ട്രോളുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. രണ്ട് വര്‍ഷത്തോളമെടുത്താണ് ഇവ ശേഖരിച്ചത്. ഏതൊരു വന്‍നഗരത്തിനെയും തകര്‍ക്കാന്‍ പര്യാപ്തമായിരുന്നു ഇവ. ഉയര്‍ന്ന തീവ്രതയുള്ള ഒന്നിലധികം സ്‌ഫോടനങ്ങള്‍ക്കു ശക്തി പകരാന്‍ 2900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ മതിയാകും. ഇതോടൊപ്പം ഒരു എകെ56 റൈഫിള്‍, ഒരു എകെ ക്രിങ്കോവ് റൈഫിള്‍, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ഒരു ബെറെറ്റ പിസ്റ്റള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
പ്രത്യയശാസ്ത്ര വേരുകള്‍ കശ്മീരില്‍
ഫരീദാബാദില്‍ നിന്ന് പൊലീസ് പിടികൂടിയ ഭീകരരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവരുടെ പ്രത്യയശാസ്ത്ര വേരുകള്‍ തെക്കന്‍ കശ്മീരിലാണെന്നാണ്. എങ്കിലും അതിന്‍റെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്കു വ്യാപിച്ചിരുന്നു. ഗ്രൂപ്പിലെ അംഗങ്ങള്‍ എല്ലാവരും തന്നെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നു. അതിനാല്‍ ഒരു നഗരത്തില്‍ നിന്ന് മറ്റുനഗരങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാന്‍ ഇവര്‍ പ്രഫഷണല്‍ സ്ഥലംമാറ്റം, ഇന്‍റേണ്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍ എന്നിവയെ ഉപയോഗപ്പെടുത്തി.
ഇല്ലാതാക്കിയത് ആക്രമണ പദ്ധതി
ജമ്മു കശ്മീര്‍ പൊലീസ്, ഹരിയാന പൊലീസുമൊത്ത് ഫരീദാബാദില്‍ തിങ്കളാഴ്ച നടത്തിയ ഓപ്പറേഷനിലൂടെ വലിയൊരു ആക്രമണ പദ്ധതിയാണ് ഇല്ലാതാക്കിയത്. ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ് വത്-ഉല്‍-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഒരു അന്തര്‍സംസ്ഥാന, അന്തര്‍ദേശീയ ഭീകര സംഘത്തെ തകര്‍ത്തു. ഏഴ് പേരെ അറസ്റ്റും ചെയ്തു. ജെയ്ഷെ-ഇ-മുഹമ്മദിന്‍റെ സ്ലീപ്പര്‍ നെറ്റ് വര്‍ക്കുകള്‍ക്കെതിരേ സമീപ വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും വലിയ നടപടികളാണ് ഈ അറസ്റ്റുകളിലൂടെ നടന്നത്.