
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് കർശന ഉപാധികളോടെ ഏഴു ദിവസത്തെ ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാനാണ് കോടതി ഖാലിദിന് ജാമ്യം അനുവദിച്ചത്.
ഡിസംബർ 28 മുതൽ ജനുവരി മൂന്നു വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്നാം തീയതി വൈകിട്ടോടുകൂടി ജയിലിൽ കീഴടങ്ങാൻ നിർദേശിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട സാക്ഷികളെയോ വ്യക്തികളെയോ ബന്ധപ്പെടാൻ പാടില്ല, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മാത്രമേ ഇടക്കാല ജാമ്യ കാലയളവിൽ കാണാൻ പാടുള്ളൂ.
സ്വന്തം വീട്ടിലും വിവാഹ വേദിയിലും മാത്രമേ പോകാൻ പാടുള്ളൂ. തുടങ്ങിയ കർശന ഉപാധികളാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ചാണ് 2020 സെപ്റ്റംബർ 14 ന് ഉമർ ഖാലിദിനെതിരെ യുഎപിഎ പ്രകാരം ദില്ലി പൊലീസ് കേസെടുത്തത്.