

ഡൽഹി കലാപം; മുസ്‌ലിം പള്ളി തകർത്ത അഞ്ച് പ്രതികളെ വെറുതെവിട്ട് കോടതി
ന്യൂഡൽഹി: 2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ മുസ്‌ലിം പള്ളി തകർക്കുകയും തീയിടുകയും ചെയ്തെന്ന കേസിൽ അഞ്ച് പ്രതികളെ കോടതി വെറുതെവിട്ടു. പൊലീസിന്‍റെ സാക്ഷിമൊഴികൾ വിശ്വാസയോഗ്യമല്ലെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
അങ്കിത്, സൗരഭ് ശർമ, രോഹിത്, രാഹുൽ കുമാർ, സച്ചിൻ എന്നിവരെയാണ് അഡിഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിങ് കുറ്റവിമുക്തരാക്കിയത്. കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, സ്വത്ത് നശിപ്പിക്കൽ, തീവയ്പ്പ് തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്.
2020 ഫെബ്രുവരി 25ന് കരാവൽ നഗറിലെ അല്ലാഹ് വാലി മസ്ജിദ് അക്രമികൾ തകർക്കുകയും തീയിടുകയും ചെയ്തെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. പള്ളിക്ക് എതിർവശം താമസിച്ചിരുന്ന സാക്ഷിയുടെ മൊഴിയും പൊലീസ് ഉദ്യോഗസ്ഥരുടെ വാദങ്ങളുമായി പൊരുത്തപ്പെട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സംഭവദിവസം പൊലീസ് ഉദ്യോഗസ്ഥർ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷൻ ആശ്രയിച്ച സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡികളും ഹാർഡ് ഡിസ്കുകളും തെളിവായി സ്വീകരിക്കാനും കോടതി വിസമ്മതിച്ചു. ഇന്ത്യൻ തെളിവ് നിയമത്തിലെ 65ബി വകുപ്പ് അനുശാസിക്കുന്ന നിർബന്ധിത സർട്ടിഫിക്കേഷൻ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നായിരുന്നു കാരണം. പ്രോസിക്യൂഷന് പ്രതികൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കാനായിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അഞ്ച് പേരെയും വെറുതെവിട്ടത്.