ന‍്യൂഡൽഹി: ഡൽഹിയിലെ ഷകർപൂരിൽ പുതിയ ഫോൺ വാങ്ങിയതിന് ശേഷം ചെലവ് നൽകാത്തതിനെ തുടർന്ന് 16 വയസ്സുള്ള ആൺകുട്ടിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തികൊന്നു. സമീപത്ത് താമസിച്ചിരുന്ന സച്ചിൻ (16) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 7.15 ഓടെയാണ് സംഭവം ഷകർപൂരിലെ റാംജി സമൂസ കടയ്ക്ക് സമീപമുള്ള തെരുവിൽ പട്രോളിംഗ് സംഘം രക്തക്കറ കണ്ടതായും അന്വേഷണം നടത്തിയതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അപൂർവ ഗുപ്ത പറഞ്ഞു. സച്ചിനെ ഒരു കൂട്ടം ആൺകുട്ടികൾ ചേർന്ന് കുത്തുകയായിരുന്നു തുടർന്ന് എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണത്തിൽ സച്ചിനും സുഹൃത്തുക്കളിൽ ഒരാളും മൊബൈൽ ഫോൺ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ മൂന്ന് കുട്ടികൾ അടുത്തേക്ക് ഓടിക്കയറിയതായി ഡിസിപി പറഞ്ഞു. 'ഫോൺ വാങ്ങിയത് ആഘോഷിക്കാൻ ചെലവ് ചെയ്യണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും സച്ചിൻ വിസമ്മതിക്കുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു' ഗുപ്ത കൂട്ടിച്ചേർത്തു.
ബിഎൻഎസ് 103(1), 3(5) വകുപ്പുകൾ പ്രകാരം ഷക്കർപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂവരെയും ചൊവ്വാഴ്ച പ്രദേശത്ത് നിന്ന് പിടികൂടിയതായും പൊലീസ് അറിയിച്ചു.