നവംബർ 1ന് നടത്താനിരിക്കുന്ന പ്രതിഷേധ റാലി മാറ്റിവയ്ക്കണം; സോണിയ ഗാന്ധിയെ സമീപിച്ച് വ‍്യാപാരികളുടെ സംഘടന

വ‍്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) ആണ് സോണിയ ഗാന്ധിക്ക് കത്തെഴുതിയത്
Delhi traders urge Sonia Gandhi to postpone November 1 Ramlila Maidan rally

സോണിയ ഗാന്ധി

Updated on: 

ന‍്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത‍്യാസഖ‍്യം നടത്താനിരിക്കുന്ന പ്രതിഷേധ റാലി അടിയന്തരമായി മാറ്റിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് സോണിയാ ഗാന്ധിയെ സമീപിച്ച് വ‍്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ). ദീപാവലി സീസണായതിനാൽ 20 മാർക്കറ്റുകളിലായി 12,000 കോടി രൂപയുടെ വ‍്യാപാരം തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് വ‍്യാപാരികളുടെ സംഘടന കത്തയച്ചിരിക്കുന്നത്.

തങ്ങൾ പ്രതിഷേധ റാലിയെ എതിർക്കുന്നില്ലെന്നും ദീപാവലി സീസണിലെ തിരക്കേറിയ സമയത്ത് തങ്ങളുടെ ഉപജീവന മാർഗം സംരക്ഷിക്കണമെന്നും സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ പറഞ്ഞു. റാലിയിൽ പങ്കെടുക്കാനായി 10 ലക്ഷ‍ത്തോളം ആളുകളും 20,000ത്തോളം വാഹനങ്ങളുമെത്തിയാൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ആശങ്കയും സിടിഐ പങ്കുവച്ചു.

കോടികൾ വിറ്റുവരവുള്ള ഇവിടെ നവംബർ 6നാണ് ധൻതേരാസ് വരുന്നത്. ഒക്റ്റോബർ 31നും നവംബർ ഒന്നിനും ഡൽഹിയിൽ ലോക്ക്ഡൗണിന് സമാനമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടാൽ ധൻതേരാസിനും ദീപാവലിക്കുമുള്ള സാധനങ്ങൾ എങ്ങനെ അകത്തേക്കും പുറത്തേക്കും കൊണ്ടുപോകുമെന്ന ആശങ്കയിലാണ് വ‍്യാപാരികളെന്നും ബ്രിജേഷ് ഗോയൽ കൂട്ടിച്ചേർത്തു.

നേരത്തെ സമാന ആവശ‍്യവുമായി സിടിഐ രാഹുൽ ഗാന്ധിക്കും കത്തെഴുതിയിരുന്നു. എന്നാൽ ജ്ഞാനേഷ് കുമാറിനെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറയൂവെന്നും അങ്ങനെയെങ്കിൽ 30 സെക്കൻഡിനുള്ളിൽ പ്രതിഷേധം അവസാനിക്കുമെന്നുമായിരുന്നു അന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.