
ഡൽഹിയിൽ കാണാതായ 19കാരിയുടെ മൃതദേഹം യമുനയിൽ കണ്ടെത്തി
ന്യൂഡൽഹി: ഡൽഹിയിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ നിന്ന് കണ്ടെത്തി. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിയായ സ്നേഹ ദേബ്നാഥിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈ 7നാണ് സ്നേഹയെ കാണാതായത്. ദിവസങ്ങളോളമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ഗീത ഫ്ലൈ ഓവറിനോടു ചേർന്നുള്ള നദീതീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 19 വയസ്സായിരുന്നു. തൃപുര സ്വദേശിയായ സ്നേഹ ആത്മാ റാം സനാതൻ ധർമ കോളെജിൽ ഗണിത ശാസ്ത്രത്തിൽ 4 വർഷ ബിരുദ വിദ്യാർഥിയാണ്. അതിനൊപ്പം തന്നെ ഐഐടി മദ്രാസിൽ നിന്ന് ഡേറ്റ സയൻസ് പ്രോഗ്രാമിങ് കോഴ്സുകളും ചെയ്തിരുന്നു.ഒരു ഓസ്ട്രേലിയൻ കമ്പനിയിൽ ഇന്‍റേൺ ആയും ജോലി ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചു മാസമായി സ്നേഹ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. സ്നേഹയുടെ പിതാവ് ദേബ്നാഥ് വൃക്ക രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സ്നേഹയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ നിന്ന് കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതോടെയാണ് പൊലീസ് നദീ തീരങ്ങളിൽ പരിശോധന നടത്തിയത്.
സ്വന്തം താത്പര്യം പ്രകാരം ജീവനൊടുക്കുകയാണെന്നും ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽ നിന്ന് ചാടിമരിക്കാൻ തീരുമാനിച്ചതായും സ്നേഹ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. താനൊരു പരാജയമാണെന്നും ബാധ്യതയാണെന്നും മനസിലായെന്നും ഇത്തരത്തിൽ ജീവിക്കാൻ സാധിക്കില്ലെന്നും അതു കൊണ്ടാണ് മരിക്കാൻ തീരുമാനിച്ചതെന്നും കുറിപ്പിലുണ്ട്.