ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; സുരക്ഷയ്ക്ക് 2,000ലേറെ പൊലീസുകാരും അർധസൈനികരും

ശനിയാഴ്ച നോർത്ത് ക്യാമ്പസിലെ യൂണിവേഴ്സിറ്റി സ്പോർട്സ് സ്റ്റേഡിയത്തിലെ മൾട്ടിപർപ്പസ് ഹാളിലാണ് വോട്ടെണ്ണൽ നടക്കുക
Delhi University Students' Union elections are underway.

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Updated on

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സർവകലാശാലയുടെ നോർത്ത്, സൗത്ത് ക്യാമ്പസുകളിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. 2,000ലേറെ പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു.

പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നീ നാല് കേന്ദ്ര പാനൽ സ്ഥാനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് ഷിഫ്റ്റുകളായാണ് വോട്ടെടുപ്പ്.

ഡേ ക്ലാസുകളിലെ വിദ്യാർഥികൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ഈവനിങ് കോളെജുകളിലെ വിദ്യാർഥികൾ വൈകിട്ട് മൂന്ന് മുതൽ 7.30 വരെയും വോട്ട് ചെയ്യും.

സമാധാനപരമായ വോട്ടെടുപ്പും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി എല്ലാ കോളെജുകൾക്കും പ്രധാന കേന്ദ്രങ്ങൾക്കും സമീപം സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു.

തന്ത്രപ്രധാന കേന്ദ്രങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ക്യാമ്പസുകൾക്ക് ചുറ്റും പട്രോളിങ്, മോട്ടോർസൈക്കിൾ സംഘങ്ങൾ, പിസിആർ വാഹനങ്ങൾ എന്നിവ വഴി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് കേന്ദ്രങ്ങൾക്ക് സമീപം വിദ്യാർഥികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും അനധികൃത ഒത്തുചേരലുകളും സംഘർഷങ്ങളും തടയുന്നതിനുമാണ് സുരക്ഷ ശക്തമാക്കിയത്. വിദ്യാർഥികളും സ്ഥാനാർഥികളുടെ അനുയായികളും കൂടുതലായി എത്താൻ സാധ്യതയുള്ള സെൻസിറ്റീവ് മേഖലകളിൽ പൊലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഛത്ര മാർഗ്, പ്രോബിൻ റോഡ്, യൂണിവേഴ്സിറ്റി റോഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ വാഹന ഗതാഗതത്തിനും സർവകലാശാല നിയന്ത്രണം ഏർപ്പെടുത്തി. ഫലം പ്രഖ്യാപിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.എബിവിപി, എൻഎസ്‌യുഐ, എഐഎസ്എ-എസ്എഫ്ഐ ഇടതുപക്ഷ സഖ്യം തുടങ്ങിയ സംഘടനകളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ശനിയാഴ്ച നോർത്ത് ക്യാമ്പസിലെ യൂണിവേഴ്സിറ്റി സ്പോർട്സ് സ്റ്റേഡിയത്തിലെ മൾട്ടിപർപ്പസ് ഹാളിലാണ് വോട്ടെണ്ണൽ നടക്കുക. ഫലപ്രഖ്യാപനം സമാധാനപരമായി നടത്തുന്നതിനായി വോട്ടെണ്ണൽ സമയത്തും പൊലീസിനെ വിന്യസിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com