
ന്യൂഡൽഹി: ഡൽഹിയിലെ ശക്തമായ മൂടൽമഞ്ഞിൽ താളം തെറ്റി ട്രെയിൻ, വിമാന സർവീസുകൾ. നിരവധി സർവീസുകൾ വൈകി. യാത്രക്കാർ എയർ ലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. മൂടൽമഞ്ഞ് കനത്തത് കാഴ്ചചരിധി കുറക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഡൽഹി വിമാനത്താവളത്തിൽ 220 വിമാനങ്ങളാണ് വൈകിയത്.
ഡൽഹിയിൽ വിവിധ ഇടങ്ങളിൽ നേരിയ മഴയും ശീതക്കാറ്റും തുടരുകയാണ്. പകൽ സമയത്തെ ഉയർന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്‌ന്നു. കുറഞ്ഞ താപനില ഏഴ് ഡിഗ്രിയാണ്.
ശനിയാഴ്ച വൈകിട്ട് മഴ പെയ്‌തതോടെ തണുപ്പ് കടുത്തു. കടുത്ത മൂടൽമഞ്ഞ് റെയിൽ, റോഡ്, വിമാന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ശൈത്യം കനത്തതോടെ കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമേ വായു ഗുണനിലവാര സൂചികയും മോശം വിഭാഗത്തിൽ തുടരുകയാണ്.