പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന ഉത്തരവ് പിന്‍വലിച്ചു

ഡൽഹിയിൽ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കരുതെന്ന ഉത്തരവാണ് പിൻവലിച്ചത്
Delhi withdraws fuel ban for old vehicles

ഡല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന ഉത്തരവ് പിന്‍വലിച്ചു

freepik.com

Updated on

ന്യൂഡല്‍ഹി: പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന ഉത്തരവ് ഡൽഹി സർക്കാർ പിന്‍വലിച്ചു. പൊതുജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കരുതെന്ന ഉത്തരവാണ് പിൻവലിച്ചിരിക്കുന്നത്.

ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം നിയന്ത്രിക്കുന്നതിനായിരുന്നു കമ്മിഷന്‍ ഒഫ് എയര്‍ ക്വാളിറ്റി മാനെജ്‌മെന്‍റ് (സിഎക്യുഎം) ഉത്തരവിറക്കിയത്. ജൂലൈ ഒന്നിന് ഉത്തരവ് പ്രാബല്യത്തില്‍ വരുകയും ചെയ്തിരുന്നു. പഴയ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് വകുപ്പ് രംഗത്തിറങ്ങുകയുണ്ടായി. എല്ലാ പെട്രോള്‍ പമ്പുകളിൽ പ്രത്യേക പരിശോധന ആരംഭിച്ചു.

തലസ്ഥാന മേഖലയിലെ 498 ഇന്ധന സ്റ്റേഷനുകളിൽ ഇതിനു വേണ്ടി ക്യാമറയും സ്ഥാപിച്ചു. ഈ ക്യാമറ ഒരു കേന്ദ്രീകൃത ഡേറ്റബേസുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിലൂടെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റുകള്‍ ക്രോസ് വെരിഫൈ ചെയ്യുകയും ഇന്ധന പമ്പുകളിലെ ജീവനക്കാരെ വാഹനത്തിന്‍റെ പഴക്കത്തെ കുറിച്ച് അറിയിക്കുകയും ചെയ്യും. ഇത്തരത്തിലാണു വാഹനങ്ങളുടെ പഴക്കം തിരിച്ചറിഞ്ഞ് ഇന്ധനം നൽകണോ എന്നു തീരുമാനിച്ചിരുന്നത്.

കാര്‍, ഇരുചക്ര വാഹനം, ട്രക്ക് ഉള്‍പ്പെടെ ഡല്‍ഹിയില്‍ മാത്രം ഏകദേശം 62 ലക്ഷം വാഹനങ്ങളെ ബാധിക്കുന്ന തീരുമാനമായിരുന്നു ഇത്. യുപി, രാജസ്ഥാന്‍, ഹരിയാന സംസ്ഥാന ഭാഗങ്ങൾ കൂടി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിലും (നാഷണല്‍ ക്യാപിറ്റല്‍ റീജ്യന്‍-NCR) ഡല്‍ഹിയിലുമാണ് ഉത്തരവ് നടപ്പാക്കിയത്.

'സാങ്കേതിക വെല്ലുവിളികളും സങ്കീര്‍ണമായ സംവിധാനങ്ങളും' കാരണം ഇത്തരമൊരു ഇന്ധന നിരോധനം നടപ്പിലാക്കാന്‍ പ്രയാസമാണെന്നു പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പഴയ വാഹനങ്ങളുടെ കാര്യത്തില്‍ പുതിയ സംവിധാനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും മന്ത്രി.

മലിനീകരണത്തിന്‍റെ 50 ശതമാനത്തിലധികവും വാഹനങ്ങളില്‍ നിന്നാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണു സിഎക്യുഎം പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദേശിച്ച് ഉത്തരവിറക്കിയത്. എന്നാല്‍, പഴക്കത്തിന്‍റെ പേരില്‍ ഇന്ധനം നിഷേധിച്ച വാഹനങ്ങളില്‍ പലതും കാര്യക്ഷമതയുള്ളവയും മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഉള്ളവയുമാണ്. ഇതിന്‍റെ ഉടമകളാണു വലിയ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഡല്‍ഹിയില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരോധിക്കണമെന്ന് 2018ലെ സുപ്രീം കോടതി വിധിയുണ്ട്. 2014ലെ ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്‍റെ ഉത്തരവനുസരിച്ച് പൊതുസ്ഥലങ്ങളില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com