
രാജ്യത്തെ വ്യോമയാന രംഗത്ത് ഗുരുതര സുരക്ഷാ വീഴ്ച; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി DGCA
ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന സംവിധാനത്തിൽ ഗുരുതര ചട്ടലംഘനങ്ങളും വീഴ്ചകളുമെന്നു സിവിൽ വ്യോമയാന ഡയറക്റ്ററേറ്റ് ജനറൽ (ഡിജിസിഎ). അഹമ്മദാബാദ് വിമാനദുരന്തത്തിനു പിന്നാലെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഗൗരവമേറിയ കണ്ടെത്തൽ. ഡൽഹിയും മുംബൈയും ഉൾപ്പെടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ രാത്രിയും പുലർച്ചെയുമായി ജോയിന്‍റ് ഡയറക്റ്റർ ജനറലിന്‍റെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളാണു പരിശോധന നടത്തിയത്.
ഇതിൽ, വിമാനക്കമ്പനികളുടെ പ്രവർത്തനം, വിമാനത്താവള സംവിധാനങ്ങൾ, വിമാന അറ്റകുറ്റപ്പണികൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം സാങ്കേതികവും സുരക്ഷാ ബന്ധിതവുമായ വീഴ്ചകൾ കണ്ടെത്തി.
റൺവേകളുടെ മധ്യത്തിലെ സൂചനാ ലൈനുകൾ മങ്ങിയതും ടാക്സി വേകളിലെ പച്ചലൈറ്റിന്‍റെ പ്രവർത്തനത്തിലെ വീഴ്ചകളുമടക്കം ഡിജിസിഎയുടെ റിപ്പോർട്ടിലുണ്ട്. വിമാനത്താവളങ്ങൾക്കു സമീപത്തെ നിർമാണങ്ങളെക്കുറിച്ചുള്ള വിവരം 3 വർഷത്തിനിടെ പുതുക്കിയിട്ടില്ലെന്ന അതീവ ഗുരുതരമായ കണ്ടെത്തലും വിദഗ്ധസംഘം നടത്തി. വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന എൻജിനീയർമാർ (എഎംഇ) പലപ്പോഴും സുരക്ഷാ മുൻകരുതലുകൾ അവഗണിക്കുന്നു.
സാങ്കേതിക പ്രശ്നങ്ങൾ നിസാരവത്കരിക്കുന്നു എന്നു പറയുന്ന റിപ്പോർട്ടിൽ ബാഗേജ് ട്രോളികൾ അവഗണിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായും ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങൾ 7 ദിവസത്തിനുള്ളിൽ പരിഹരിക്കാനാണ് ഡിജിസിഎയുടെ നിർദേശം. വ്യോമയാത്രാ സുരക്ഷ സമംബന്ധിച്ച് സമഗ്രമായ പരിശോധന ആരംഭിച്ചതായും ഡിജിസിഎ അറിയിച്ചു.