
അപകടത്തിനു മുൻപ് എയർ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ വിമാന അപകടത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എയര്‍ ഇന്ത്യയ്ക്കു വ്യോമയാന രംഗത്തെ റെഗുലേറ്ററായ ഡയറക്റ്ററേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് രേഖകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയത്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ സുരക്ഷാ പരിശോധനകള്‍ നടത്താതെ എയര്‍ ഇന്ത്യ അവരുടെ മൂന്ന് എയര്‍ബസ് വിമാനങ്ങളുടെ പ്രവര്‍ത്തനം തുടര്‍ന്നതിനാണു ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയത്.
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനമായ 787-8 തകര്‍ന്ന ജൂണ്‍ 12ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു മുന്നറിയിപ്പ് നല്‍കിയതെന്നും ഡിജിസിഎ റിപ്പോർട്ട് ഉദ്ധരിച്ച് റോയിട്ടേഴ്സ് വ്യക്തമാക്കി. 2025 മേയ് മാസത്തിലാണു ഡിജിസിഎ അപ്രതീക്ഷിത പരിശോധനകള്‍ നടത്തിയത്. പരിശോധനയില്‍ എ320 എന്ന വിമാനം ഒരു മാസം വൈകിയാണു സുരക്ഷാ പരിശോധന നടത്തിയതെന്നു കണ്ടെത്തി.
ഈ ഒരു മാസത്തിനിടെ ദുബായ്, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുകയും ചെയ്തു. എ319 എന്ന ആഭ്യന്തരതലത്തില്‍ സര്‍വീസ് നടത്തുന്ന മറ്റൊരു എയര്‍ബസ് പരിശോധന മൂന്നു മാസം വൈകിയാണു നടത്തിയത്. ഇതിനു പുറമെ മറ്റൊരു എ319 വിമാനം രണ്ട് ദിവസവും വൈകിയാണു പരിശോധന നടത്തിയതെന്നും ഡിജിസിഎ കണ്ടെത്തി.
ഈ മൂന്ന് വിമാനങ്ങളിലൊന്ന് എസ്‌കേപ്പ് സ്ലൈഡറിന്‍റെ അറ്റകുറ്റപ്പണി നടത്താതെയും സര്‍വീസ് നടത്തുകയുണ്ടായി. അടിയന്തര ലാന്‍ഡിംഗ് അല്ലെങ്കില്‍ അപകടമുണ്ടായാല്‍ യാത്രക്കാരെയും ജീവനക്കാരെയും വേഗത്തിലും സുരക്ഷിതമായും ഒഴിപ്പിക്കാന്‍ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഉപകരണമാണ് എസ്‌കേപ്പ് സ്ലൈഡുകള്‍.
'കാലഹരണപ്പെട്ടതോ പരിശോധിക്കാത്തതോ ആയ ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചാണ് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചത്. ഇത് സ്റ്റാന്‍ഡേര്‍ഡ് എയര്‍ ട്രാവലിന്‍റെയും സുരക്ഷാ ആവശ്യകതകളുടെയും ലംഘനമാണെന്ന് ' ഡിജിസിഎ റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
2022 മുതല്‍ ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമാണ് എയര്‍ ഇന്ത്യ. ഡിജിസിഎ കണ്ടെത്തിയ വീഴ്ച എയര്‍ ഇന്ത്യ സമ്മതിക്കുകയും എസ്‌കേപ്പ് സ്ലൈഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അറ്റകുറ്റപ്പണിയും നടത്തുകയാണെന്നും പരിശോധന ത്വരിതപ്പെടുത്തുകയാണെന്നും ഡിജിസിഎയെ അറിയിച്ചിരുന്നു.