ധൻകറിന്‍റെ പിൻഗാമി; ചർച്ചകളിൽ തരൂർ മുതൽ ചന്ദ്രചൂഡ് വരെ

ബിജെപി ദേശീയ അധ്യക്ഷൻ കൂടിയായ കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ പേരും ഉയരുന്നുണ്ട്.
Dhankar's successor; From Tharoor to Chandrachud in discussions
Jagdeep Dhankhar
Updated on

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിന്‍റെ രാജിക്കു പിന്നാലെ പിൻഗാമിയെച്ചൊല്ലി ചർച്ചകൾ സജീവം. കേന്ദ്ര സർക്കാരും ബിജെപിയും ഇക്കാര്യത്തിൽ മൗനം തുടരുമ്പോൾ സാധ്യതാപട്ടികയുമായി ദേശീയ മാധ്യമങ്ങൾ രംഗത്തെത്തി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരും മുതൽ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വരെയെത്തുന്നു ഈ പട്ടിക. എന്നാൽ, മാധ്യമങ്ങളുടെയോ നിരീക്ഷകരുടെയോ പ്രവചനങ്ങളെ പാടെ തള്ളുന്ന തീരുമാനങ്ങളാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം ബിജെപി നേതൃത്വത്തിൽ നിന്നുണ്ടാകുന്നത്. ഇത്തവണയും അതിൽ മാറ്റത്തിനു സാധ്യതയില്ലെന്ന നിരീക്ഷണവുമുണ്ട്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് തലസ്ഥാനത്തെ ദൗത്യത്തിലേക്കു സാധ്യത കൽപ്പിക്കപ്പെടുന്നവരിൽ പ്രധാനി. ഏറെക്കാലമായി ചർച്ചകളിലുള്ള പേരാണ് നിതീഷ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നിതീഷിനെ ഡൽഹിയിലേക്കു മാറ്റുകയും ബിജെപി സ്വന്തം മുഖ്യമന്ത്രിയെ നിയോഗിച്ച് തെരഞ്ഞെടുപ്പു നേരിടുകയും ചെയ്തേക്കാം. നിതീഷിന്‍റെ മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സാധ്യതകളും കൽപ്പിക്കപ്പെടുന്നു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങfന്‍റെ പേരും ഉയരുന്നുണ്ട്. 2022ലും അദ്ദേഹത്തിന്‍റെ പേര് ഉയർന്നിരുന്നു. മോദി- അമിത് ഷാ ടീമിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന മുതിർന്ന നേതാവ് എന്നതാണ് രാജ്നാഥിനുള്ള ആനുകൂല്യം. നിലവിലുള്ള രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്ങിനെ ഉപരാഷ്‌ട്രപതിയായി ഉയർത്താനുള്ള സാധ്യതയും പരിശോധിച്ചേക്കാം. ജെഡിയു എംപിയാണ് ഹരിവംശ്. ബിഹാറിൽ നിന്നുള്ള നേതാവിനെ നിയോഗിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഗുണം ചെയ്തേക്കാം.

കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെ പരിഗണിച്ചേക്കാമെന്നാണു മറ്റൊരു റിപ്പോർട്ട്. ഇതുവഴി കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിക്കുന്നതിനൊപ്പം അന്താരാഷ്‌ട്ര വേദികളിൽ തരൂരിന്‍റെ പരിചയസമ്പത്ത് ഉപയോഗിക്കാനും കഴിയും.

ബിജെപി ദേശീയ അധ്യക്ഷൻ കൂടിയായ കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ പേരും ഉയരുന്നുണ്ട്. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ പരിഗണിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്. ഉപരാഷ്‌ട്രപതി രാജിവച്ചാൽ 60 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണു ചട്ടം. ഇരുസഭകളിലെയും എംപിമാരുൾപ്പെട്ട ഇലക്റ്ററൽ കോളെജാണ് ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്. നിലവിൽ ലോക്സഭയിലും രാജ്യസഭയിലുമായി 786 അംഗങ്ങളുണ്ട്. കേവല ഭൂരിപക്ഷത്തിന് 394 വോട്ടുകൾ മതിയാകും. എൻഡിഎയ്ക്ക് 422 പേരുടെ പിന്തുണയുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com