
ആക്റ്റിവിസ്റ്റുകളായ ടി. ജയന്ത്, ഗിരീഷ് മട്ടന്നവർ, സുജാത ഭട്ട് എന്നിവരുമായി തനിക്ക് ഏറെക്കാലമായി ബന്ധമുണ്ടായിരുന്നെന്ന് അറസ്റ്റിലായ സാക്ഷി സി.എൻ. ചിന്നയ്യ
ബംഗളൂരു: ധർമസ്ഥല ക്ഷേത്രം അധികൃതർക്കെതിരായ വെളിപ്പെടുത്തലുകളിൽ ആക്റ്റിവിസ്റ്റുകളുടെ പങ്ക് തെളിയുന്നു. ആക്റ്റിവിസ്റ്റുകളായ ടി. ജയന്ത്, ഗിരീഷ് മട്ടന്നവർ, സുജാത ഭട്ട് എന്നിവരുമായി തനിക്ക് ഏറെക്കാലമായി ബന്ധമുണ്ടായിരുന്നെന്ന് അറസ്റ്റിലായ സാക്ഷി സി.എൻ. ചിന്നയ്യ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നൽകി. ഇതിനു പിന്നാലെ, ഒന്നര വർഷം മുൻപ് ചിന്നയ്യ ബംഗളൂരുവിലെ തന്‍റെ വസതിയിൽ മൂന്നു ദിവസം താമസിച്ചിരുന്നെന്നു ടി. ജയന്ത് ഒരു ടിവി ചാനലിനോടു സമ്മതിച്ചു.
ഗിരീഷ് മട്ടന്നവറുടെ നിർദേശപ്രകാരമായിരുന്നു ചിന്നയ്യയെ വീട്ടിൽ താമസിപ്പിച്ചത്. തുടർന്നു ധർമസ്ഥലയിൽ നിന്നു "എസ്ഐടിക്കു ലഭിച്ച തലയോട്ടി'യുമായി അന്ന് താനും ചിന്നയ്യയും വാടകയ്ക്കെടുത്ത കാറിൽ ഡൽഹിക്കു പോയി. സുജാത ഭട്ടും മട്ടന്നവറും ഒപ്പമുണ്ടായിരുന്നു. സുപ്രീം കോടതിയിൽ കേസ് കൊടുക്കുകയായിരുന്നു ലക്ഷ്യമെന്നും ഡൽഹിയിൽ ഒരു സ്വാമിയെ കണ്ടെന്നും ജയന്ത് പറഞ്ഞു.
അതേസമയം, ഗൂഢാലോചനക്കേസിൽ എസ്ഐടി അന്വേഷണം ബംഗളൂരുവിലേക്കും മാണ്ഡ്യയിലേക്കും വ്യാപിപ്പിച്ചു. ബംഗളൂരുവിൽ ജയന്തിന്‍റെ വസതിയിലാണു പരിശോധന നടത്തിയത്. രണ്ടാഭാര്യയ്ക്കൊപ്പം ചിന്നയ്യ താമസിച്ചിരുന്ന തമിഴ്നാട്ടിലെ സേലത്തും തെളിവെടുപ്പ് നടത്തും. ചിന്നയ്യയുടെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. ഇതിനു മുൻപ് പരമാവധി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ആരോപണങ്ങളുടെ തുടക്കം മുതൽ നിരവധി വിഡിയൊകൾ അപ്‌ലോഡ് ചെയ്ത യൂട്യൂബർ എം.ഡി. സമീറിനെ ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ലാപ്ടോപ്, ഹാർഡ് ഡിസ്ക് തുടങ്ങി ഡിജിറ്റൽ ഉപകരണങ്ങൾ ഇയാൾ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. അതിനിടെ, "കാണാതായ മകൾ' അനന്യ ഭട്ടിന്‍റേതെന്ന പേരിൽ താൻ നേരത്തേ നൽകിയ ചിത്രം വാസന്തി ശ്രീവത്സ എന്ന യുവതിയുടേതാണെന്നും അവരിപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും സുജാത ഭട്ട് അന്വേഷണ സംഘത്തോടു പറഞ്ഞു.
ഇതോടെ, നേത്രാവതി നദീതീരത്തു നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ആരുടേതെന്ന സംശയത്തിലായി അന്വേഷണ സംഘം. താൻ പറഞ്ഞതെല്ലാം കള്ളക്കഥകളാണെന്ന് സുജാത നേരത്തേ സമ്മതിച്ചിരുന്നു. അനന്യ ഭട്ട് എന്ന മകളില്ലെന്നും അരവിന്ദ്, വിമല തുടങ്ങി താൻ പറഞ്ഞ എല്ലാ കഥാപാത്രങ്ങളും വ്യാജമാണെന്നും അവർ സമ്മതിച്ചു.