
ധർമസ്ഥലയിലെ 13-ാം പോയിന്‍റിൽ റഡാർ പരിശോധന ആരംഭിച്ചു
ബംഗളൂരു: ധർമസ്ഥലയിൽ ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് മുൻ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയിടത്ത് റഡാർ പരിശോധന നടക്കും. നേത്രാവതി സ്നാനഘട്ടത്തോട് ചേർന്ന പതിമൂന്നാം നമ്പർ സ്പോട്ടിലാണ് ചൊവ്വാഴ്ച മുതൽ പരിശോധന നടക്കുക. പരിശോധനകളിൽ ഇതുവരെയുള്ള കാര്യമായ പുരോഗതി ലഭിക്കാത്തതിനാൽ റഡാർ പരിശോധന നിർണായകമാണ്.
ഈ പ്രദേശം റോഡിനു സമീപത്തായതിനാലും തൊട്ടടുത്ത് അണക്കെട്ടും വൈദ്യുത ലൈനുകളുമുള്ളതിനാലും ഇവിടം കുഴിച്ച് പരിശോധന നടത്തുക ബുദ്ധിമുട്ടാണ്. കൂടാതെ, ഈ സ്പോട്ട് വർഷങ്ങൾക്ക് മുൻപ് മണ്ണിട്ട് ഉയർത്തിയിരുന്നു. അതിനാൽ റഡാർ പരിശോധനയിൽ ഇവിടെ മനുഷ്യാവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാൽ മാത്രം കുഴിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘമുള്ളത്.
ഇതിനായുള്ള ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ സംവിധാനം തിങ്കളാഴ്ച എത്തിച്ചിരുന്നു. ഡ്രോൺ മാപ്പിങ് പൂർത്തിയാക്കി. സാക്ഷിയുടെ കൂടുതൽ മൊഴിയെടുത്തു. ധർമസ്ഥല പഞ്ചായത്തിൽ നിന്ന് വിവിധ രേഖകൾ കൈപറ്റി. ഒരാഴ്ച നീണ്ട പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. എസ്ഐടി സംഘവുമായി കൂടിക്കാഴ്ച നടത്തി. ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.