ധർമസ്ഥലയിലെ വെളിപ്പെടുത്തൽ; തെളിവുകൾ തേടി രണ്ടാം ദിനവും പരിശോധന

ജെസിബിക്ക് പുറമേ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളാവും കുഴിയെടുത്ത് പരിശോധിക്കുന്നത്
dharmasthala revelation sit search continues second day

ധർമസ്ഥലയിലെ വെളിപ്പെടുത്തൽ; തെളിവുകൾ തേടി രണ്ടാം ദിനവും പരിശോധന

Updated on

ബംഗളൂരു: ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചു മൂടിയിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ, അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ രണ്ടാം ദിനവും തുടരുന്നു. പ്രത്യേക അന്വേഷണ സംഘം മൂന്നായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. സാക്ഷി ചൂണ്ടിക്കാണിച്ച മൂന്ന് ഇടങ്ങളിൽ ഒരേ സമയം കുഴിക്കാനാണ് നീക്കം. ഉൾക്കാട്ടിലെ മൂന്നു പോയിന്‍റുകളിലാണ് ജെസിബിയും ആളുകളും കുഴിക്കുന്നത്.

ജെസിബിക്കു പുറമേ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളാവും കുഴിയെടുക്കുക. ചൊവ്വാഴ്ച പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. സാക്ഷിയുടെ വെളിപ്പെടുത്തലിനു പിന്നാലെ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആണ് അന്വേഷണം നടത്തുന്നത്.

വെളിപ്പെടുത്തൽ ഇങ്ങനെ...

1995നും 2014നും ഇടയിൽ താൻ ധർമസ്ഥലം ക്ഷേത്രം ശുചീകരണ തൊഴിലാളിയായി ജോലിചെയ്തിരുന്നു. ആ സമയത്ത് പ്രദേശത്ത് സ്ത്രീകളുടെയും കുട്ടികളുടെതുമായി നിരവധി മൃതദേഹങ്ങൾ കിടപ്പുണ്ടായിരുന്നു. ഇതു കണ്ട് ഭയം തോന്നിയ താൻ സൂപ്പർ വൈസറെ വിവരം അറിയിച്ചെങ്കിലും മറവു ചെയ്യാനാണ് അദ്ദേഹം പറഞ്ഞത്. അതിനു വിസമ്മതിച്ച താൻ പൊലീസിൽ വിവരമറിയിക്കുമെന്നു പറഞ്ഞതോടെ അയാൾ ക്രൂരമായി മർദിച്ചു. കുടുംബത്തോടെ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ താൻ പേടിച്ച് വഴങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങളിൽ ഏറ്റവും വേദനിപ്പിച്ചത് ഒരു 12 -15 നും ഇടയിൽ പ്രായമുള്ള കുട്ടിയെ കണ്ടപ്പോഴാണ്. അവൾ സ്കൂൾ യൂണിഫോമിലായിരുന്നു. ബാഗും ഒപ്പമുണ്ടായിരുന്നു. അവൾക്ക് പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ല. അതിക്രൂരമായ പാടുകൾ ശരീരത്തിലുണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കരിച്ച നിലയിലായിരുന്നു. ധര്‍മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് താൻ സാക്ഷിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് 2014 ൽ തന്‍റെ കുടുംബത്തിലെ പ്രായപൂർ‌ത്തിയാവാത്ത പെൺകുട്ടിയെ സൂപ്പർ വൈസറുടെ അറിവോടെ ഒരാൾ പീഡിപ്പിച്ചു. ഇതോടെ താനും കുടുംബവും ഭയന്ന് നാടുവിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ ധർമസ്ഥല ക്ഷേത്രവുമായി ബന്ധമുള്ളവരാണ്. അവർ വളരെ സ്വാധീനമുള്ളവരാണ്. അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. തനിക്കും കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ താൻ തയ്യാറാണെന്നും നുണപരിശോധനയ്ക്ക് വിധേയനാവാമെന്നും അദ്ദേഹം അറിയിച്ചു. തന്‍റെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com