ആൾദൈവത്തിന്‍റെ ആശ്രമം സന്ദർശിക്കാൻ വിരാട് കോലി അഞ്ച് കോടി വാങ്ങിയോ?

ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള ആശ്രമം സന്ദർശിക്കാൻ കോലി അഞ്ച് കോടി രൂപ പാരിതോഷികം വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്
Virat Kohli and Anushka Sharma visiting Premanand Maharaj (File photo)

വിരാട് കോലിയും അനുഷ്ക ശർമയും പ്രേമാനന്ദ് മഹാരാജിനെ സന്ദർശിക്കുന്നു (ഫയൽ ചിത്രം)

Updated on: 

മഥുര: ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിന്‍റെ ആശ്രമം സന്ദർശിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോലി കോടികൾ വാങ്ങിയെന്ന് ആരോപണം. ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള ആശ്രമം സന്ദർശിക്കാൻ കോലി അഞ്ച് കോടി രൂപ പാരിതോഷികം വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്. എന്നാൽ ആരോപണങ്ങൾ തള്ളി രംഗത്തുവന്നിരിക്കുകയാണ് താരത്തിന്‍റെ വക്താവ്.

ആരോപണങ്ങൾ പൂർണമായി വ്യാജവും അടിസ്ഥാനരഹിതവും വസ്തുതാപരമായി തെറ്റാണെന്നും കോലിയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുൻപ് പ്രേമാനന്ദ് മഹാരാജിന്‍റെ ആശ്രമത്തിൽ അദ്ദേഹത്തിന്‍റെ അനുയായി ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കോലിക്കെതിരേ ആരോപണം ഉയർന്നത്.

ശ്രീ കൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസ് എന്ന സംഘടനയുടെ പ്രസിഡന്‍റ് ഫലഹരി മഹാരാജ് ആണ് കോലിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. പ്രേമാനന്ദ് മഹാരാജിന്‍റെ പ്രശസ്തി വർധിപ്പിക്കാൻ അഞ്ച് കോടി രൂപ നൽകി കോലിയെ ആശ്രമത്തിൽ എത്തിച്ചെന്നായിരുന്നു ആരോപണം. എന്നാൽ ഇതുസംബന്ധിച്ച് തെളിവൊന്നും നൽകിയിരുന്നില്ല.

''പ്രേമാനന്ദ് മഹാരാജ് ജിയോടുള്ള അഗാധമായ വിശ്വാസവും ആദരവും കാരണമാണ് വിരാട് കോലി അദ്ദേഹത്തെ സന്ദർശിക്കുന്നത്. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുൻപായി വസ്തുതകൾ പരിശോധിച്ച് കൃത്യത ഉറപ്പാക്കണമെന്നും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു''- പ്രസ്താവനയിൽ പറയുന്നു.

പ്രേമാനന്ദ് മഹാരാജിന്‍റെ ആശ്രമത്തിലെ സ്ഥിരം സന്ദർശകരാണ് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും. 2023 ജനുവരിയിലാണ് ഇവരുടെ ശ്രദ്ധിക്കപ്പെട്ട ആദ്യ സന്ദർശനം. ഇതിനു ശേഷം പല തവണ കോലിയും അനുഷ്കയും ആശ്രമത്തിൽ എത്തിയിരുന്നു.

അതേസമയം പ്രേമാനന്ദ് മഹാരാജിന്‍റെ അനുയായി രസിക് ദുലരിയുടെ മരണത്തിന്‍റെ കാരണം കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ആശ്രമത്തിന്‍റെ നാലാം നിലയിൽ നിന്ന് വീണാണ് ഇയാൾ മരിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്ന മഥുര പൊലീസ് ഇതിനകം 85 പേരെ ചോദ്യം ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com