ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

ഡിജിറ്റൽ അറസ്റ്റിന്‍റെ പേരിലുള്ള തട്ടിപ്പുകളെക്കുറിച്ച് രാജ്യവ്യാപകമായി ഏകീകൃത അന്വേഷണം നടത്താൻ സിബിഐയെ സുപ്രീം കോടതി ചുമതലപ്പെടുത്തി
ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം | Digital arrest, CBI Supreme Court

ഡിജിറ്റൽ അറസ്റ്റിന്‍റെ പേരിലുള്ള തട്ടിപ്പുകളെക്കുറിച്ച് രാജ്യവ്യാപക അന്വേഷണം.

Representative image

Updated on

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിന്‍റെ പേരിലുള്ള തട്ടിപ്പുകളെക്കുറിച്ച് രാജ്യവ്യാപകമായി ഏകീകൃത അന്വേഷണം നടത്താൻ സിബിഐയെ സുപ്രീം കോടതി ചുമതലപ്പെടുത്തി. രാജ്യത്തിനു പുറത്തേക്കും അന്വേഷണം ആവശ്യമെങ്കിൽ ആകാം. അതിനുവേണ്ടി കേന്ദ്ര ഏജൻസിക്ക് ഇന്‍റർ പോളിന്‍റെ സഹായവും തേടാം. സിബിഐ അന്വേഷണത്തിന് അംഗീകാരം നൽകാൻ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയ സുപ്രീം കോടതി, സൈബർ ക്രിമിനലുകളുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കാൻ എഐ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്നു റിസർവ് ബാങ്കിനോട് ആരാഞ്ഞു.

കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികളുടെയോ കോടതിയുടെയോ ഉദ്യോഗസ്ഥരെന്നു നടിച്ച് ഓഡിയൊ, വിഡിയൊ കോളുകളിലൂടെ ഇരകളെ ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യമാണു ഡിജിറ്റൽ അറസ്റ്റ്. ഇരകളെ വെർച്വലായി ബന്ദികളാക്കി പണം നൽകാൻ സമ്മർദം ചെലുത്തുന്നതാണ് തട്ടിപ്പുകാരുടെ ശൈലി. കേന്ദ്ര ഏജൻസിയായ സിബിഐയുടെ അന്വേഷണത്തിന് സ്വാഭാവിക അനുമതി നൽകുന്ന വ്യവസ്ഥ പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന, കർണാടക സംസ്ഥാനങ്ങൾ പിൻവലിച്ചിരുന്നു. നിലവിൽ ഈ സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരുകളുടെ പ്രത്യേക അനുമതി വേണം. ഈ സാഹചര്യത്തിലാണ് അന്വേഷണത്തെ അംഗീകരിക്കാൻ സുപ്രീംകോടതിയുടെ നിർദേശം.

ഹരിയാനയിലെ വയോധിക ദമ്പതിമാരുടെ പരാതിയിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബഗ്ചി എന്നിവരടുങ്ങുന്ന ബെഞ്ചിന്‍റെ ഇടപെടൽ. വയോധികരാണ് ഇത്തരം സൈബർ തട്ടിപ്പുകാരുടെ പ്രധാന ഇരകളെന്നും ഒരു ജീവിതകാലം കൊണ്ട് കഷ്ടപ്പെട്ട് നേടിയ പണമാണ് ഇങ്ങനെ കവർച്ച ചെയ്യപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

സിബിഐക്ക് വിവരങ്ങൾ നൽകാനും ആവശ്യമായ സഹായങ്ങൾ നൽകാനും ഐടി കേന്ദ്രങ്ങളോട് സുപ്രീം കോടതി നിർദേശിച്ചു. ഒന്നിലധികം സിം കാർഡുകൾ ടെലികോം സേവന ദാതാക്കൾ ഒരു ഉപയോക്താവിനോ സ്ഥാപനത്തിനോ നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇതു സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചേക്കാമെന്നും ടെലികോം വകുപ്പിനോടു സുപ്രീം കോടതി പറഞ്ഞു. സിബിഐ അന്വേഷണവുമായി മെച്ചപ്പെട്ട ഏകോപനത്തിന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സൈബർ ക്രൈം കോഓർഡിനേഷൻ സെന്‍ററുകൾ ആരംഭിക്കണം. ആഭ്യന്തര, ടെലികോം, ധന, ഇലക്‌ട്രോണിക്സ്, ഐടി മന്ത്രാലയങ്ങളുടെ നിലപാടറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് കോടതി നിർദേശം നൽകി.

ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണം

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന കേസുകളില്‍ അഴിമതി നിരോധന നിയമപ്രകാരം ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാനും സിബിഐക്ക് സ്വതന്ത്രമായ അധികാരം ഉണ്ടായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

അന്വേഷണ സമയത്ത് സിബിഐയോട് പൂര്‍ണമായി സഹകരിക്കണമെന്ന് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ നേട്ടം, പാര്‍ട്ട് ടൈം ജോലി എന്നിങ്ങനെയുള്ള പേരുകളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും സിബിഐ അന്വേഷിക്കണം. കൃത്രിമബുദ്ധിയും മെഷീന്‍ ലേണിങ് ടൂളുകളും ഉപയോഗിച്ച് അത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയാനും കുറ്റകൃത്യങ്ങളിലൂടെ നേടിയ വരുമാനം മരവിപ്പിക്കാനും എപ്പോള്‍ കഴിയുമെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി റിസര്‍വ് ബാങ്കിന്‍റെ സഹായം തേടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com