''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ

തുക്ഡെ തുക്ഡെ ഗ‍്യാങ്, ദേശവിരുദ്ധർ എന്നിങ്ങനെയുള്ള പദങ്ങൾ ഉപയോഗിച്ച് നേരത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നതായും ദീപങ്കർ ഭട്ടാചാര‍്യ പറഞ്ഞു
Dipankar Bhattacharya says PM's 'dimaagi Naxals' remarks aimed at discrediting youth

ദീപങ്കർ ഭട്ടാചാര‍്യ, നരേന്ദ്രമോദി

Updated on

പറ്റ്ന: രാജ‍്യത്തിന്‍റെ 80ാം സ്വാതന്ത്ര‍്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ദിമാഗി നക്സൽ പരാമർശത്തിനെതിരേ സിപിഐഎംഎൽ രംഗത്ത്. പ്രധാനമന്ത്രിയുടെ പരാമർശം രാജ‍്യത്തെ യുവാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പ്രത‍്യേകിച്ച് ജെൻസികളെയെന്നും പാർട്ടി ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര‍്യ പറഞ്ഞു.

തുക്ഡെ തുക്ഡെ ഗ‍്യാങ്, ദേശവിരുദ്ധർ എന്നിങ്ങനെയുള്ള പദങ്ങൾ ഉപയോഗിച്ച് നേരത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നതായും ഇപ്പോൾ പ്രധാനമന്ത്രി ദിമാഗി നക്സലുകൾ എന്ന പുതിയ പദം ഉപയോഗിച്ചുവെന്നും ദീപങ്കർ മാധ‍്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, ചോദ‍്യങ്ങൾ ഉന്നയിക്കുന്നവരെയും അവകാശങ്ങൾക്കായി തങ്ങളുടെ ശബ്ദം ഉയർത്തുന്നവരെയും സർക്കാർ നയങ്ങളെ വിമർശിക്കുന്നവരെയും ലക്ഷ‍്യം വച്ചുള്ളതാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ, വിദ‍്യാഭ‍്യാസം, പരീക്ഷാ സമ്പ്രദായം, ജനാധിപത‍്യം, അവരുടെ ഭാവി എന്നിവയെ പറ്റി ചോദ‍്യങ്ങൾ ചോദിക്കുമ്പോൾ അവരെ ദിമാഗി നക്സലുകൾ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ദീപങ്കർ അഭിപ്രായപ്പെട്ടു. ജനങ്ങൾ സർക്കാരിനെ ചോദ‍്യം ചെയ്യുകയോ സ്വതന്ത്രമായി ചിന്തിക്കുകയോ ചെയ്യരുത്, മറിച്ച് അന്ധരായ അനുയായികളായി തുടരുക എന്നതാണ് മോദിയുടെ രാഷ്ട്രീയമെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് മുക്ത ഭാരതം എന്ന സന്ദേശത്തിന് ശേഷം ദിമാഗ് മുക്ത ഭാരതം സൃഷ്ഠിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവോയെന്നും അദ്ദേഹം ചോദിച്ചു. രാജ‍്യത്തെ യുവാക്കൾ ഭയപ്പെടില്ലെന്നു പറഞ്ഞ ദീപങ്കർ ജനാധിപത‍്യത്തെ സംരക്ഷിക്കാൻ അവർ ചോദ‍്യങ്ങൾ ചോദിക്കുന്നത് തുടരുമെന്നും ശബ്ദമുയർത്തുമെന്നും പറഞ്ഞു.

സ്വാതന്ത്ര‍്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിനിടെ വനങ്ങളിലെ സായുധരായ നക്സലുകളെ ഇല്ലാതാക്കാൻ സാധിച്ചെങ്കിലും തലച്ചോറിൽ നക്സലിസം അവശേഷിക്കുന്നവർ തുടരുകയാണെന്നും രാജ‍്യത്തെ അക്രമവഴിയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്ന ഇത്തരം വ‍്യക്തികളെ ഒറ്റപ്പെടുത്തണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

logo
Metro Vaartha
www.metrovaartha.com