
മഹേഷ് കലാവാദിയ
അഹമ്മദാബാദ്: ഗുജറാത്തി സംവിധായകൻ മഹേഷ് കലാവാദിയ (മഹേഷ് ജിരാവാല) അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലാണ് മഹേഷിന്‍റെ മരണം സ്ഥിരീകരിച്ചത്. തകർന്ന വിമാനത്തിന് അടിയിൽപ്പെട്ട് മഹേഷ് മരിച്ചെന്നാണ് വിവരം.
അഹമ്മദാബാദ് വിമാന ദുരന്തം നടന്ന ജൂൺ പന്ത്രണ്ടിന് ലാ ഗാർഡനിൽ ഒരു മീറ്റിങ്ങിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ മഹേഷിനെ കാണാതായിരുന്നു. തുടർന്ന് ഭാര്യ ഹേതൽ പൊലീസിൽ പരാതി നൽകി. ഉച്ചയ്ക്ക് 1.15ഓടെ വീട്ടിലേക്ക് തിരിച്ചുവരുന്നതായി മഹേഷ് ഹേതലിനെ അറിയിച്ചിരുന്നു.
അഹമ്മദാബാദിൽ വിമാനം തകർന്നുവീണതിന് തൊട്ടുപിന്നാലെ, 1.40ന് ഹേതൽ മഹേഷിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്തപ്പോൾ ദുരന്തം നടന്ന പ്രദേശത്തിന് 700 മീറ്റർ ദൂരത്തായി മഹേഷ് ഉണ്ടായിരുന്നെന്ന് വ്യക്തമായി. മഹേഷിന്‍റെ ആക്റ്റീവ സ്കൂട്ടറും ഫോണും കത്തിക്കരിഞ്ഞ നിലയിൽ അപകടമേഖലയിൽ നിന്ന് കണ്ടെടുത്തിരുന്നു.
അതേസമയം, മഹേഷിന്‍റെ മരണം വിശ്വസിക്കാനാവാത്ത കുടുംബം ആദ്യം ഭൗതിക ശരീരം ഏറ്റുവാങ്ങാൻ തയാറായില്ല. എന്നാൽ താരത്തിന്‍റെ ആക്റ്റീവ സ്കൂട്ടറിന്‍റെ ചേസ് നമ്പർ അടക്കം വെളിപ്പെടുത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഭൗതിക ശരീരം കൈമാറുകയായിരുന്നു.
അഹമ്മദാബാദിനു സമീപം നരോധ നിവാസിയായ മഹേഷ് ഗുജറാത്തി മ്യൂസിക് വീഡിയോകളിലൂടെയും പരസ്യങ്ങളിലൂടെയുമാണ് പ്രശസ്തനായത്. മഹേഷ് ജിരാവാല എന്ന പ്രൊഡക്‌ഷൻ കമ്പനിയും അദ്ദേഹം ആരംഭിച്ചു.
2019ൽ ആശ പഞ്ചലും വ്രുതി ഠാക്കൂറും മുഖ്യവേഷങ്ങൾ ചെയ്ത "കോക്‌ടെയ്ൽ പ്രേമി പാഗ് ഒഫ് റിവഞ്ച്' എന്ന ഗുജറാത്തി സിനിമയിലൂടെ സംവിധായകന്‍റെ കുപ്പായവും മഹേഷ് അണിഞ്ഞിരുന്നു.