"മതംമാറ്റത്തിലൂടെ രാജ്യം വിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചു നിൽക്കുന്നു": ദി കേരള സ്റ്റോറി സംവിധായകന്‍

സിനിമയ്ക്കായി 7 വർഷം ഗവേഷണം നടത്തി, ഇത്തരത്തിലുള്ള ആറായിരത്തോളം കേസുകൾ പഠിച്ചു, സിനിമ കണ്ടതിനു ശേഷം മാത്രം വിമർശിക്കുക: സുദീപ്തോ സെൻ
"മതംമാറ്റത്തിലൂടെ രാജ്യം വിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചു നിൽക്കുന്നു": ദി കേരള സ്റ്റോറി സംവിധായകന്‍

ന്യൂഡൽഹി: "ദി കേരള സ്റ്റോറി" സിനിമ കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ലെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍. സിനിമയിൽ കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലുമില്ല. സിനിമയ്ക്കായി ബിജെപിയുടേയോ കേന്ദ്ര സർക്കാരിന്‍റേയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടിയല്ല താന്‍ സിനിമ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ ലൗ ജിഹാദ് എന്ന പരാമർശമില്ല. പ്രണയം നടിച്ച് പെൺകുട്ടികൾ ചതിയിൽ വീഴുന്നത് മാത്രമാണ് സിനിമയിലുള്ളത്. ഇതുകൂടാതെ മതപരിവർത്തനത്തിലൂടെ രാജ്യം വിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചു തന്നെ നിൽക്കുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമർശം സിനിമ കണ്ടാൽ ബോധ്യപ്പെടും. സെന്‍സർ ബോർഡ് 2 മാസം പരിശോധിച്ച ശേഷമാണ് അനുമതി നൽകിയത്. സിനിമയ്ക്കായി 7 വർഷം ഗവേഷണം നടത്തി ഇത്തരത്തിലുള്ള 6000-ത്തോളം കേസുകൾ പഠിച്ചതിന് ശേഷമാണ് ചിത്രം നിർമ്മിച്ചതെന്നും സിനിമ കണ്ട ശേഷം വേണം രാഷ്ട്രീയക്കാർ വിമർശിക്കാന്‍ എന്നും സംവിധായകന്‍ സുദീപ്തോ സെന്‍ കൂട്ടിച്ചേർത്തു.

അതേസമയം, "ദി കേരള സ്റ്റോറി" സിനിമയ്ക്ക് " എ" സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിലെ ദൃശ്യങ്ങൾ, സംഭാഷണങ്ങൾ എന്നിവയടക്കം 10 മാറ്റങ്ങൾ വരുത്തണമെന്നും സെന്‍സർ ബോർഡ് നിർദേശിച്ചിരുന്നു. കേരളത്തിലെ 4 കോളെജ് വിദ്യാർഥിനികളുടെ കഥയാണ് ചിത്രം പറയുന്നത്. മതപരിവർത്തനം നടത്തി ഇന്ത്യയിലും വിദേശത്തുമായി തീവ്രവാദ ദൗത്യങ്ങൾക്കായി അയച്ച 32,000 സ്ത്രീകളെ കേരളത്തിൽ നിന്നും കാണാതായി എന്നാണ് സിനിമ അവകാശപ്പെടുന്നത്. മെയ് 5 ന് ചിത്രം റിലീസ് ചെയ്യും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com