അടിവസ്ത്രം ഉൾപ്പെടെ തയാറാക്കണമെന്ന് കീഴ്ജീവനക്കാർക്ക് നിർദേശം; ബിഎസ്എൻഎൽ ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി

ഫെബ്രുവരി 19 നാണ് ഡെപ്യൂട്ടി ജനറൽ മാനേജർ തലത്തിൽ ഉത്തരവ് പുറത്തിറക്കിയത്.

Disciplinary action against BSNL employee

വിവേക് ബന്‍സൽ

Updated on

ന്യൂഡല്‍ഹി: പ്രയാഗ്‌രാജ് സന്ദര്‍ശനത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാൻ നിർദേശിച്ചത് വിവാദമായതിനെത്തുടര്‍ന്നു ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിലെ (ബിഎസ്എന്‍എല്‍) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിവേക് ബന്‍സലിനെതിരേ കേന്ദ്ര സര്‍ക്കാര്‍ അച്ചടക്ക നടപടി ആരംഭിച്ചു. അദ്ദേഹത്തിന്‍റെ യാത്രയ്ക്കായി നിര്‍ദേശിച്ച ഉത്തരവ് തികച്ചും വിചിത്രവും അസ്വീകാര്യവുമാണെന്നു കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ബന്‍സലിന്‍റെ പ്രയാഗ്‌രാജ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ എല്ലാ നിയമങ്ങളുടെയും ലംഘനമാണെന്നു സിന്ധ്യ പറഞ്ഞു.

ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്‍സലിന് ഒരു കാരണം കാണിക്കല്‍ നോട്ടീസ് ഇതിനകം നല്‍കിയിട്ടുണ്ടെന്നും മറുപടി പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫെബ്രുവരി 19 നാണ് ഡെപ്യൂട്ടി ജനറൽ മാനേജർ തലത്തിൽ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിൽ റെയിൽവേ സ്റ്റേഷനിലെ സ്വീകരണം, ക്ഷേത്ര സന്ദർശനങ്ങൾ, പുണ്യസ്നാനം, ഭക്ഷണം, ഗതാഗതം, ദൈനംദിന വ്യക്തിഗത ലോജിസ്റ്റിക്സ് എന്നിവ ഉൾക്കൊള്ളുന്ന വിശദമായ കാര്യങ്ങളുണ്ടായിരുന്നു.

35 വര്‍ഷത്തിലേറെ സേവനപരിചയമുള്ള 1987 ബാച്ച് ടെലികമ്മ്യൂണിക്കേഷന്‍ സര്‍വീസ് ഓഫീസറാണ് വിവേക് ബന്‍സല്‍. ബിഎസ്എന്‍എല്ലില്‍ ഡയറക്റ്റര്‍ (കണ്‍സ്യൂമര്‍ ഫിക്‌സഡ് ആക്‌സസ്- സിഎഫ്എ) ആണ്. ഫെബ്രുവരി 25-26 തീയതികളിലാണ് പ്രയാഗ്രാജ് സന്ദര്‍ശിക്കാന്‍ വിവേക് പദ്ധതിയിട്ടത്.

ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍മാര്‍, എന്‍ജിനീയര്‍മാര്‍ മുതല്‍ സബ്-ഡിവിഷണല്‍, ഡിവിഷണല്‍ എന്‍ജിനീയര്‍മാര്‍ വരെയുള്ള ഏകദേശം 50 ഉദ്യോഗസ്ഥരെ വിവേക് ബന്‍സലിന്‍റെ പ്രയാഗ്‌രാജ് സന്ദര്‍ശനത്തിനിടെ സേവനത്തിനായി നിയോഗിച്ചു. സംഗമത്തിലെ കുളി മുതല്‍ ഹനുമാന്‍ ക്ഷേത്രം, അക്ഷയവത്, പാതാള്‍പുരി ക്ഷേത്രം എന്നിവ സന്ദര്‍ശിക്കുന്നത് വരെയായി ബന്‍സലിന്‍റെ താമസത്തിനിടയില്‍ അദ്ദേഹത്തിന്‍റെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് വിശദമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ഉത്തരവില്‍ സൂചിപ്പിച്ചു.

ഹെയര്‍ ഓയില്‍, അടിവസ്ത്രം, ചീപ്പുകള്‍, ടൂത്ത് പേസ്റ്റ്, ബ്രഷുകള്‍, ഷേവിങ് കിറ്റുകള്‍, സ്ലിപ്പറുകള്‍ എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും ഉത്തരവിലുണ്ടായിരുന്നു. പുരുഷന്മാര്‍ക്ക് ആറ്, സ്ത്രീകള്‍ക്ക് രണ്ട് എന്നിങ്ങനെ എട്ട് ബാത്ത് കിറ്റുകള്‍ ക്രമീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കുളിക്കുശേഷം ക്രമീകരണങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ചുമതലയുണ്ടായിരുന്നു.

വിവേക് ബന്‍സലിന്‍റെ യാത്രാ ഉത്തരവ് വൈറലായതിനെ തുടര്‍ന്നു യാത്ര ഔദ്യോഗികമാണോ എന്ന ചോദ്യം ഉയര്‍ന്നു. വ്യക്തിപരമായ വിനോദത്തിനായി സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ദുരുപയോഗിക്കുന്നതിനെതിരേ ചോദ്യം ചെയ്തു കൊണ്ട് ആളുകള്‍ രംഗത്തുവരികയും ചെയ്തു. ഇതേ തുടര്‍ന്നു യാത്ര ആരംഭിക്കാനിരുന്നതിന് ഒരു ദിവസം മുമ്പ് റദ്ദാക്കി.

logo
Metro Vaartha
www.metrovaartha.com