ദീപാവലി സുരക്ഷ; ഡൽഹിയിലെ സദർ ബസാറിൽ മുഖം തിരിച്ചറിയൽ സംവിധാനം ഘടിപ്പിച്ച വാനുമായി പൊലീസ്

ക്യാമറകൾ ഘടിപ്പിച്ച എഫ്ആർഎസ് വാൻ ആൾക്കൂട്ടത്തിനിടയിലെ മുഖങ്ങൾ സ്കാൻ ചെയ്യുകയും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റവാളികളെന്ന് സംശയിക്കുന്നവരെ കണ്ടെത്താൻ പൊലീസിനെ സഹായിക്കുകയും ചെയ്യും
Police in Delhi's Sadar Bazaar with a van equipped with a facial recognition system.

ഡൽഹിയിലെ സദർ ബസാറിൽ മുഖം തിരിച്ചറിയൽ സംവിധാനം ഘടിപ്പിച്ച വാനുമായി പൊലീസ്

Updated on: 

ന്യൂഡൽഹി: ദീപാവലി ആഘോഷം വരാൻ പോകുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിനായി ഡൽഹിയിലെ തിരക്കേറിയ സദർ ബസാറിൽ മുഖം തിരിച്ചറിയൽ സംവിധാനം (എഫ്ആർഎസ്) ഘടിപ്പിച്ച വാൻ വിന്യസിച്ച് പൊലീസ്. സംശയാസ്പദമായ വ്യക്തികളെ തിരിച്ചറിയുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനുമാണ് പുതിയ സംവിധാനമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

ദീപാവലി അടുത്തതോടെ വടക്കൻ ഡൽഹിയിലെ സദർ ബസാറിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. വ്യാപാരികളും ഉപഭോക്താക്കളും ഉൾപ്പെടെ നിരവധി പേരാണ് കമ്പോളത്തിലെത്തുന്നത്. ക്യാമറകൾ ഘടിപ്പിച്ച എഫ്ആർഎസ് വാൻ ആൾക്കൂട്ടത്തിനിടയിലെ മുഖങ്ങൾ സ്കാൻ ചെയ്യുകയും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റവാളികളെന്ന് സംശയിക്കുന്നവരെ കണ്ടെത്താൻ പൊലീസിനെ സഹായിക്കുകയും ചെയ്യും.

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാർക്കറ്റിൽ പരിശോധന നടത്തുകയും ഫ്ലാഗ് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ മാർക്കറ്റിൽ വിന്യസിക്കുകയും ചെയ്തു. മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി കാൽനട പട്രോളിങ്ങും ശക്തമാക്കി.