

വീടിന് സമീപം ഡിജെ ഘോഷയാത്ര; യുപിയിൽ 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ബല്ലിയ: ഉത്തർപ്രദേശിൽ ലക്ഷ്മി വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട ഘോഷയാത്ര വീടിന് സമീപത്തുകൂടി കടന്നുപോയതിന് പിന്നാലെ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ബല്ലിയ ജില്ലയിലെ മുഡിയാരി ഗ്രാമത്തിലാണ് സംഭവം. ഘോഷയാത്രയ്ക്കിടെ ഡിജെ സംവിധാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് വച്ചതാണ് കുഞ്ഞിന്‍റെ മരണ കാരണമെന്ന് കുടുംബം ആരോപിച്ചു.
റീമാ ഷാ എന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനൊപ്പം ഉറങ്ങുന്നതിനിടെ ഉയർന്ന ശബ്ദത്തിൽ പാട്ട് വച്ചുകൊണ്ട് ഒരു സംഘം ആളുകൾ വീടിന് സമീപത്തുകൂടി കടന്നുപോയി. ഇതിനുപിന്നാലെ കുഞ്ഞ് കരയുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ട റീമ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു.
പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ഡിജെ ഉപകരണങ്ങൾ പിടിച്ചെടുത്തു. അതേസമയം സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ബൻസ്ദീഹ് സർക്കിൾ ഇൻസ്പെക്റ്റർ ജയ്ശങ്കർ മിശ്ര പറഞ്ഞു.