
ന്യൂഡൽഹി: മുഖ്യമന്ത്രി പദവിയെ ചൊല്ലി നീരസം തുടരുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ഒളിയമ്പുമായി ഡി.കെ. ശിവകുമാർ. ഡൽഹിയിൽ എഐസിസി സംഘടിപ്പിച്ച ഭരണഘടന നേരിടുന്ന വെല്ലുവിളികളെന്ന വിഷയത്തിൽ സംസാരിക്കവെയാണ് ശിവകുമാർ ഗാന്ധി കുടുംബത്തെ പ്രശംസിക്കുകയും സിദ്ധരമയ്യയെ വിമർശിക്കുകയും ചെയ്തത്.
കോൺഗ്രസിലെ നീണ്ട കാലത്തെ പ്രവർത്തനത്തെക്കുറിച്ചും കർണാടകയിൽ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ശിവകുമാർ സംസാരിച്ചു. 2004 ൽ പ്രധാനമന്ത്രി പദവിയിൽ നിന്നും മാറിനിൽക്കാൻ സോണിയ ഗാന്ധി തയാറായതിനെ ഡികെ പ്രത്യേകം പ്രശംസിച്ചു. ഇത് രാഷ്ട്രീയ ത്യാഗത്തിന്‍റെ സമാനതകളില്ലാത്ത ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരും ഒരു ചെറിയ പദവിപോലും വേണ്ടെന്ന് വയ്ക്കാൻ തയാറല്ല. ചില എംഎൽഎമാരും മന്ത്രിമാരും അധികാരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ നമ്മളിൽ ചിലർ അധികാരം പങ്കുവെക്കാൻ പോലും സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയുടെ പേരെടുത്ത് പറഞ്ഞല്ല പരിഹാസമെങ്കിലും മുഖ്യമന്ത്രി പദവിക്കായുള്ള പ്രശ്നങ്ങൾ തുടരുന്നതിനിടെ നടത്തിയ ഈ പരാമർശം സിദ്ധരാമയ്യക്കെതിരായ ഒളിയമ്പാണെന്നതിൽ സംശയമില്ല. കർണാടക മുഖ്യമന്ത്രിയായി താൻ 5 വർഷം പൂർത്തിയാക്കുമെന്നും അധികാരം പങ്കിടാൻ കരാറുകളില്ലെന്നും അടുത്തിടെ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.