

ശിവകുമാറും, സിദ്ധരാമയ്യയും പ്രാതൽ യോഗത്തിൽ
ബെംഗലുരൂ: കർണാടക കോൺഗ്രസിൽ അധികാര കസേരയ്ക്ക് വേണ്ടി മുഖ്യമന്ത്രി സിദ്ധരാമയ്യരും, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പിടിവലി തുടങ്ങിയതോടെ ഹൈക്കമാൻഡ് നിർദേശിച്ച തന്ത്രമായിരുന്നു പ്രാതൽ യോഗത്തിന് ക്ഷണിക്കൽ.ആദ്യത്തെ പ്രാതൽ യോഗം മുഖ്യമന്ത്രി സിദ്ധരാമയ്യരുടെ വസതിയിലാണ് നടന്നത്. അന്ന് ശിവകുമാറിനെ വളരെ സ്നേഹത്തോടെയാണ് മുഖ്യമന്ത്രി വീട്ടിലേക്ക് ക്ഷണിച്ചത്.
ചൊവ്വാഴ്ച ഡി.കെ ശിവകുമാറിന്‍റെ വസതിയിലാണ് പ്രാതൽയോഗം.
ഇതോടെ ഇരുനേതാക്കൾക്കും ഇടയിലെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ഹൈക്കമാൻഡിന്‍റെ പ്രതീക്ഷ. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇരുനേതാക്കളും മത്സരിച്ചതോടെ പാർട്ടിയിൽ നേരിയ ഭിന്നത ഉടലെടുത്തിരുന്നു. ഇതോടെയാണ് ദേശീയ നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടത്. ഇരുനേതാക്കളും രമ്യതയിലായാൽ ഒറ്റക്കെട്ടാണെന്ന തോന്നൽ അണികളിൽ ഉണ്ടാകുമെന്നാണ് കണക്കുക്കൂട്ടൽ.
ഡിസംബർ 8ന് നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇരുനേതാക്കളും സംയമനം പാലിക്കാൻ തയ്യാറായത്. സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷം പിന്നിടുമ്പോൾ ഭരണം ഡി.കെ ശിവകുമാറിന് കൈമാറാത്തതിലാണ് പ്രശ്നം ഉണ്ടായത്. ഇതോടെ ഡി.കെ ശിവകുമാർ ഇടഞ്ഞുനിൽക്കുകയായിരുന്നു. ഇതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. പ്രശ്നപരിഹാരത്തിന് ദേശീയ നേതൃത്വം നിർദേശിച്ച തന്ത്രമാണ് പ്രാതൽ യോഗം.