

ഡി.കെ. ശിവകുമാർ
ന്യൂഡൽഹി: നേതൃമാറ്റം കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ പറഞ്ഞതിനു പിന്നാലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡൽഹിയിൽ. എന്നാൽ, കേന്ദ്ര നേതൃത്വത്തെ കാണാനല്ല താൻ വന്നതെന്നു ശിവകുമാർ. സുഹൃത്തിന്‍റെ മകന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയാണ് പ്രാഥമിക ഉദ്ദേശ്യം. 14ന് നടക്കുന്ന വോട്ട് കൊള്ള റാലിയുടെ തയാറെടുപ്പുകൾ പരിശോധിക്കുക എന്നതാണു രണ്ടാമത്തെ ലക്ഷ്യമെന്നും ശിവകുമാർ.
വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലേക്ക് മടങ്ങുമെന്നും 11ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, വിളിക്കാതെ താൻ ഡൽഹിക്കു പോകില്ലെന്നു മംഗളൂരുവിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സിദ്ധരാമയ്യ മറുപടി നൽകിയിരുന്നു. ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയതിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മംഗളൂരുവിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സിദ്ധരാമയ്യ.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയത്. ഇതു രാഷ്‌ട്രീയ പരിപാടിയല്ലെന്നും വേണുഗോപാലുമായി അത്തരം വിഷയങ്ങൾ സംസാരിക്കാനുള്ള ഇടമല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.