
"വ്യോം മിത്ര ഇന്ത്യയുടെ ഹ്യൂമനോയിഡ് റോബോട്ട്
file photo
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ഈ വരുന്ന ഡിസംബറിൽ തങ്ങളുടെ ആദ്യ ഹ്യൂമനോയിഡ് റോബോട്ടിനെ ബഹിരാകാശത്തേയ്ക്ക് അയക്കാനൊരുങ്ങുന്നു. വ്യോം മിത്ര എന്നു പേരിട്ടിരിക്കു്ന ഈ റോബോട്ട് മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായാണ് യാത്ര തിരിക്കുന്നത്. സംസ്കൃത നാമമാണ് വ്യോം മിത്ര. വ്യോമ എന്നാൽ ബഹിരാകാശം എന്നും മിത്ര എന്നാൽ സുഹൃത്ത് എന്നുമാണ് അർഥം. മനുഷ്യ സമാനമായ ഭാവങ്ങൾ, സംസാരം,ബുദ്ധിശക്തി എന്നിവയുള്ള ഈ വനിതാ റോബോട്ടിന്‍റെ വിവരങ്ങൾ ഐഎസ്ആർഒ 2020ൽ തന്നെ പുറത്തു വിട്ടിരുന്നു.
കേവലം ഒരു പരീക്ഷണ ഡമ്മി എന്നതിനപ്പുറം നൂതന സെൻസറുകൾ, ശബ്ദം തിരിച്ചറിയാനുള്ള സംവിധാനങ്ങൾ, തീരുമാനം എടുക്കാനുള്ള ശേഷി എന്നിവയുള്ള ഒരു സെമി-ഹ്യൂമനോയിഡ് റോബോട്ടാണ് ഇത്. ബഹിരാകാശ യാത്രികർ യാത്ര തുടങ്ങും മുമ്പ് ബഹിരാകാശത്ത് മനുഷ്യന്‍റെ പ്രവർത്തനങ്ങൾ അനുകരിക്കുക, ക്രൂ മൊഡ്യൂൾ സിസ്റ്റങ്ങളെ സാധൂകരിക്കുക എന്നിവയാണ് ഇതിന്‍റെ പ്രാഥമിക ദൗത്യങ്ങൾ.
ഈ ഡിസംബറിൽ വ്യോം മിത്ര ഉൾപ്പെടുന്ന ആദ്യ ദൗത്യം പുറപ്പെടും. ഈ പദ്ധതി വിജയിച്ചാൽ അടുത്ത വർഷത്തോടെ ഇത്തരത്തിൽ രണ്ടു ദൗത്യങ്ങൾ കൂടി പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് എന്ന് ഐഎസ്ആർഒ മേധാവി ഡോ.വി.നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു.
വിജയകരമായാൽ 2027ന്‍റെ ആദ്യപാദത്തിൽ തന്നെ ഇന്ത്യ മനുഷ്യ യാത്രികരെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കും. വ്യോം മിത്ര വെറുമൊരു റോബോട്ട് മാത്രമല്ല, തദ്ദേശീയവും മനുഷ്യ നിർമിതവുമായ ബഹിരാകാശ സാങ്കേതിക വിദ്യയിലേയ്ക്കുള്ള ഇന്ത്യയുടെ കുതിപ്പിനെ കൂടി പ്രതിനിധീകരിക്കുന്നു.