ഇന്ത്യയുടെ ആണവായുധ ശേഖരം 190 പോര്‍മുനകളായി വര്‍ധിച്ചു

യുഎസ് ആസ്ഥാനമായുള്ള ഫെഡറേഷന്‍ ഒഫ് അമെരിക്കന്‍ സയന്‍റിസ്‌റ്റ്‌സ് (എഫ്എഎസ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുള്ളത്
Agni-V, an intercontinental ballistic missile developed by DRDO.

അഗ്നി-വി. 

ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

Updated on

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൈവശം ഏകദേശം 190 ആണവ പോര്‍മുനകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നതായി യുഎസ് ആസ്ഥാനമായുള്ള ഫെഡറേഷന്‍ ഒഫ് അമെരിക്കന്‍ സയന്‍റിസ്‌റ്റ്‌സ് (എഫ്എഎസ്) പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ഇത് പാക്കിസ്ഥാനേക്കാള്‍ ഏകദേശം 20 എണ്ണം കൂടുതലാണ്. യുകെയുടെ ആണവ ശേഖരത്തെ ഇന്ത്യ ഉടന്‍ മറികടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ കൈവശമുള്ള ആണവായുധ ശേഖരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ മിസൈലുകള്‍ക്കായുള്ള 30 അധിക പോര്‍മുനകളും ഉള്‍പ്പെടുന്നുണ്ട്.

'ഇന്ത്യയുടെ ആണവായുധങ്ങള്‍ - 2026' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് ഇക്കാര്യമുള്ളത്. പ്രവര്‍ത്തനസജ്ജമായ വിക്ഷേപണ സംവിധാനങ്ങള്‍ക്കായി ഇന്ത്യയുടെ കൈവശം 160-ലധികം ആണവ പോര്‍മുനകള്‍ ഉണ്ടെന്ന് എഫ്എഎസ് ന്യൂക്ലിയര്‍ ഇന്‍ഫര്‍മേഷന്‍ പ്രൊജക്റ്റ് ഡയറക്റ്റര്‍ ഹാന്‍സ് ക്രിസ്റ്റന്‍സണ്‍ വ്യക്തമാക്കി. പുതിയ മിസൈല്‍ സംവിധാനങ്ങള്‍ക്കായി കൂടുതല്‍ പോര്‍മുനകള്‍ നിര്‍മിച്ചു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്തായി ഇന്ത്യ ആണവായുധ ശേഖരം ആധുനികവത്കരിക്കുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അണുവായുധം വഹിക്കാന്‍ ശേഷിയുള്ള നിലവിലുള്ള വിമാനങ്ങള്‍, കര-നാവിക സേനകളുടെ വിക്ഷേപണ സംവിധാനങ്ങള്‍ എന്നിവയ്ക്ക് പകരമായോ അവയെ ശക്തിപ്പെടുത്തുന്നതിനായോ നിരവധി പുതിയ ആയുധ സംവിധാനങ്ങള്‍ സമീപകാലത്ത് ഇന്ത്യ വിന്യസിച്ചിട്ടുണ്ടെന്നും, മറ്റു പലതും വികസനഘട്ടത്തിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ, 2026-ന്‍റെ തുടക്കത്തോടെ ഇന്ത്യ ഏകദേശം 730 കിലോഗ്രാം ആയുധ-നിലവാരത്തിലുള്ള പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചിട്ടുണ്ടാകുമെന്ന് 'ഇന്‍റര്‍നാഷണല്‍ പാനല്‍ ഓണ്‍ ഫിസൈല്‍ മെറ്റീരിയല്‍സ്' കണക്കാക്കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

1998ലെ പൊഖ്റാന്‍-II ആണവ പരീക്ഷണങ്ങള്‍ക്ക് ശേഷം 'ആദ്യം പ്രയോഗിക്കില്ല'എന്ന നയം ഇന്ത്യ സ്വീകരിക്കുകയും അത് തുടര്‍ന്നുപോരുകയും ചെയ്യുന്നു. ആണവായുധങ്ങള്‍ ആദ്യം പ്രയോഗിക്കില്ലെന്ന നിലപാട് നിലനിര്‍ത്തുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ അടുത്തിടെ പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com