ഓപ്പറേഷൻ തിയെറ്ററിൽ 4 പേരെ മയക്കിക്കിടത്തി ഡോക്റ്ററുടെ ടീ ബ്രേക്ക്, 'വെറും' 4 മണിക്കൂർ!

പ്രമേഹരോഗിയായതുകൊണ്ടെന്ന് സർജന്‍റെ വിശദീകരണം, രാത്രി തിരിച്ചെത്തി എട്ടു സർജറികൾ പൂർത്തിയാക്കി.
ശസ്ത്രക്രിയയ്ക്കെത്തിയവരുടെ ബന്ധുക്കൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ഡോക്റ്റർക്കു വേണ്ടി കാത്തുനിൽക്കുന്നു.
ശസ്ത്രക്രിയയ്ക്കെത്തിയവരുടെ ബന്ധുക്കൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ഡോക്റ്റർക്കു വേണ്ടി കാത്തുനിൽക്കുന്നു.

നാഗ്‌പൂർ: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് നാലു സ്ത്രീകളെ ഓപ്പറേഷൻ തിയെറ്ററിൽ മയക്കിക്കിടത്തിയ ശേഷം ഡോക്റ്റർ ചായ കുടിക്കാൻ പോയി തിരിച്ചു വന്നത് നാലു മണിക്കൂറിനു ശേഷമെന്നു പരാതി.

നാഗ്‌പൂരിലെ ഖാട്ട് ഗ്രാമത്തിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിലാണ് സംഭവം. 50 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാലവി എന്ന ഡോക്റ്റർക്കായിരുന്നു ശസ്ത്രക്രിയയുടെ ചുമതല.

ഉച്ച കഴിഞ്ഞ് രണ്ടരയോടെ ഡോക്റ്റർ സ്ഥലം വിട്ടത്. സമയത്ത് ചായ കിട്ടാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്കെന്നാണ് ആരോപണം. ശസ്ത്രക്രിയയ്ക്കു വന്നവരുടെ ബന്ധുക്കൾ ക്യാംപ് അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് ഡോക്റ്ററെ രാത്രി ആറരയോടെ തിരിച്ചെത്തിക്കുകയായിരുന്നു.

എട്ട് ശസ്ത്രക്രിയകളാണ് ഈ ഡോക്റ്റർക്ക് അന്നേ ദിവസം ചെയ്യാനുണ്ടായിരുന്നത്. തിരിച്ചെത്തിയ ശേഷം ഇതെല്ലാം പൂർത്തിയാക്കുകയും ചെയ്തു. ഇത്തരം ശസ്ത്രക്രിയകൾക്ക് ശരാശരി അര മണിക്കൂർ വീതമാണ് ആവശ്യം.

സംഭവത്തെക്കുറിച്ച് മഹാരാഷ്‌ട്ര ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാംപിൽ പങ്കെടുത്തവരിൽനിന്നും ഡോക്റ്ററിൽനിന്നും മൊഴിയെടുത്തു. താൻ പ്രമേഹരോഗിയാണെന്നും, അതുകൊണ്ടാണ് ചായ കുടിക്കാൻ പോകേണ്ടി വന്നതെന്നുമാണ് സർജന്‍റെ വിശദീകരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com