ന‍്യൂ ഡൽഹി: മതാചാര പ്രകാരം താടി വയ്ക്കാൻ മുസ്‌ലീം പൊലീസുകാരന് അവകാശമുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങി സുപ്രീം കോടതി. അടുത്തിടെ താടി വച്ചതിന്‍റെ പേരിൽ മഹാരാഷ്ട്ര റിസർവ് പൊലീസ് സേനയിലെ മുസ്‌ലിം കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എസ്.കെ. കൗൾ എന്നിവരടങ്ങിയ ബെഞ്ച് വിഷയം കേൾക്കുകയും താടിവടിച്ചാൽ സസ്‌പെൻഷൻ റദ്ദാക്കാമെന്ന് ഹർജിക്കാരനോട് ആവശ‍്യപെട്ടു എന്നാൽ ഈ വ്യവസ്ഥ അംഗീകരിക്കാൻ ഹർജിക്കാരൻ തയ്യാറായില്ല.
മതം ആചരിക്കാനുള്ള തന്‍റെ മൗലികാവകാശത്തിന്‍റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരൻ എസ്ആർപിഎഫിൽ (സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്‌സ്) കോൺസ്റ്റബിളായതിനാൽ 1951ലെ ബോംബെ പൊലീസ് മാനുവൽ നിയമങ്ങളും ചട്ടങ്ങളും പ്രകാരം സേവന കാലയളവിൽ താടി വയ്ക്കാൻ അനുവദിക്കുന്നില്ല. താടി വയ്ക്കുന്നത് ഇസ്ലാമിന്‍റെ അടിസ്ഥാന തത്വമാണെന്ന് കോടതിയിൽ തെളിയിക്കാൻ കഴിയാത്ത പക്ഷം ഇയാളുടെ ഹർജി കോടതി തള്ളി. ആർട്ടിക്കിൾ 25 പ്രകാരം താടി വയ്ക്കാനുള്ള അവകാശം ഹർജിക്കാരന്‍റെ സമ്പൂർണ അവകാശമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.ന്യായമായ നിയന്ത്രണങ്ങൾ പരിഗണിക്കുമ്പോൾ പൊലീസ് സേനയുടെ മതേതര സ്വഭാവം നിലനിർത്തുന്നത് പാലിക്കേണ്ടതുണ്ടെന്ന് കോടതി വ‍്യക്തമാക്കി.