ജാമ്യം കിട്ടിയാലും മുഖ്യമന്ത്രിയുടെ ജോലികൾ ചെയ്യരുത്; കെജ്‌രിവാളിനോട് സുപ്രീം കോടതി

എഎപിയുടെ ദേശീയ കൺവീനറായ അദ്ദേഹത്തിന് ഇതേവരെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനായിട്ടില്ല
ജാമ്യം കിട്ടിയാലും മുഖ്യമന്ത്രിയുടെ ജോലികൾ ചെയ്യരുത്; കെജ്‌രിവാളിനോട് സുപ്രീം കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കരുതെന്നു സുപ്രീം കോടതി. അത് ഉചിതമായ നടപടിയാവില്ലെന്നും പരമോന്നത കോടതി ഓർമപ്പെടുത്തി. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അറസ്റ്റിനെതിരേ കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയുടെയും ദീപാങ്കർ ദത്തയുടെയും ബെഞ്ച് ഇടക്കാല ജാമ്യത്തിന് ഉപാധിവച്ചത്. ഇത് കെജ്‌രിവാളിന്‍റെ അഭിഭാഷകൻ അംഗീകരിച്ചു. എന്നാൽ, വാദം പൂർത്തിയാക്കിയ കോടതി ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കുന്നത് മാറ്റി. ഇതോടെ, കെജ്‌രിവാളിന്‍റെ ജയിൽ മോചനം നീണ്ടു.

ഇതിനിടെ, കെജ്‌രിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഈ മാസം 20 വരെയും ബിആർഎസ് നേതാവ് കെ. കവിതയുടെ കസ്റ്റഡി 14 വരെയും ഡൽഹി റോസ് അവന്യൂ കോടതി നീട്ടി. കെജ്‌രിവാളിനെതിരേ ഇഡി പുതിയ തെളിവുകൾ നൽകാത്ത സാഹചര്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിക്കുന്നതു പരിഗണിക്കുമെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാർച്ച് 21 ന് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി നിലവിൽ തിഹാർ ജയിലിലാണ്. എഎപിയുടെ ദേശീയ കൺവീനറായ അദ്ദേഹത്തിന് ഇതേവരെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനായിട്ടില്ല.

""തെരഞ്ഞെടുപ്പിന്‍റെ പേരിൽ ജാമ്യം നൽകിയാൽ ഓഫിസിൽ ഔദ്യോഗിക ചുമതല നിർവഹിക്കണമെന്ന് നിങ്ങൾ പറയും. അതു മറ്റുതരത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കും. പുറത്തിറങ്ങിയാലും നിങ്ങൾ സർക്കാരിന്‍റെ പ്രവർത്തനത്തിൽ ഇടപെടരുത്''- സുപ്രീം കോടതി വ്യക്തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട ഒരു ഫയലുമായും ബന്ധപ്പെടില്ലെന്ന് ഉറപ്പുനൽകാമെന്നായിരുന്നു കെജ്‌രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വിയുടെ മറുപടി. ഔദ്യോഗികമായ ഒരു ഫയലും പരിശോധിക്കില്ലെന്ന് പിന്നീട് അദ്ദേഹം രേഖാമൂലം ഉറപ്പുനൽകി. ജാമ്യം നൽകണോ എന്ന് ആദ്യം പരിശോധിക്കട്ടെയെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. കെജ്‌രിവാളിന് ഇളവു നൽകുന്നത് രാഷ്‌ട്രീയക്കാർക്ക് പ്രത്യേക പരിഗണനയെന്ന തലത്തിലേക്കു മാറുമെന്ന് ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com