

ഉത്സവകാലത്ത് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കരുത്; സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി ദേശീയ മനുഷ്യാവകാശ കമ്മിഷൻ
ന്യൂഡൽഹി: ആഘോഷങ്ങളുടെ ഭാഗമായി വഴിയോര ചെറുകിട കച്ചവടക്കാരുടെ ഉപജീവനമാർഗം തടസപ്പെടുത്തരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. നവരാത്രി, ദീപാവലി, ഛഠ് പൂജ എന്നിങ്ങനെയുള്ള ആഘോഷങ്ങൾ പ്രമാണിച്ച് പ്രാദേശിക കച്ചവടക്കാർ, തെരുവോരക്കച്ചവടക്കാർ, വഴിയോരക്കച്ചവടക്കാർ, മൺപാത്ര നിർമാതാക്കൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ ഉപജീവനമാർഗവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കണമെന്നാണ് കമ്മിഷൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചത്.
വിവിധ നഗരങ്ങളിൽ പ്രാദേശിക കച്ചവടക്കാരെയും വഴിയോരക്കച്ചവടക്കാരെയും അനാവശ്യമായി ഒഴിപ്പിക്കുക, അവരുടെ സാധനങ്ങൾ പിടിച്ചെടുക്കുക, പിഴ ചുമത്തുക, പീഡിപ്പിക്കുക തുടങ്ങിയ പരാതികളുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു നിർദേശം. കഴിഞ്ഞ വർഷത്തെ ആഘോഷവേളയിൽ, മനുഷ്യാവകാശ കമ്മിഷൻ അംഗമായ പ്രിയങ്ക് കനൂംഗോയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മിഷൻ ബെഞ്ച് ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആരോപണങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങളോടും പ്രാദേശിക അധികാരികളോടും നിർദേശിക്കുകയും ചെയ്തിരുന്നു.
ഈ വർഷവും ആഘോഷവേളയിൽ പ്രാദേശിക കച്ചവടക്കാരുടെ ഉപജീവനമാർഗവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് കമ്മിഷന്‍റെ ഇടപെടൽ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് കമ്മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. അഗ്നിസുരക്ഷയോ പൊതുസുരക്ഷയോ മുൻനിർത്തി ഒരു സ്ഥലം ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ, കച്ചവടം തുടരുന്നതിനായി അനുയോജ്യമായ മറ്റൊരു സ്ഥലം അവർക്ക് അനുവദിച്ചു നൽകണമെന്നും നിർദേശമുണ്ട്.
കച്ചവടക്കാരുടെ സാധനങ്ങൾ പിടിച്ചെടുക്കുകയോ അവർക്കെതിരേ അനാവശ്യ നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നും, പീഡനം, പിടിച്ചുപറി, അനാവശ്യ ഇടപെടൽ എന്നിവ സംബന്ധിച്ച പരാതികൾ നിയമപ്രകാരം കൈകാര്യം ചെയ്യണമെന്നും കമ്മിഷൻ നിർദേശിക്കുന്നു.
ഈ നിർദേശങ്ങൾ ജില്ലാ മജിസ്‌ട്രേറ്റുമാർ, മുനിസിപ്പൽ അധികൃതർ, പൊലീസ്, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരിലേക്ക് എത്തിക്കുന്നതിനും അവ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കമ്മിഷൻ നിർദേശം നൽകി.