
വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തുന്നത് അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്നു ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നാഗേന്ദ്ര പാണ്ഡെ അറിയിച്ചു. ഇതിനായി രാജ്യത്തെ മറ്റു പ്രധാന ക്ഷേത്രങ്ങളിലുള്ള നിയന്ത്രണങ്ങളെക്കുറിച്ചു പഠിക്കുമെന്നും പാണ്ഡെ.
ദർശനത്തിനെത്തുന്നവരിൽ പലരുടെയും വസ്ത്രം ക്ഷേത്ര പരിശുദ്ധിക്കു ചേരാത്തതാണെന്ന് ഭക്തരിൽ നിന്ന് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണു ട്രസ്റ്റ് യോഗം ഡ്രസ് കോഡിനെക്കുറിച്ചു ചർച്ച ചെയ്യുന്നത്. അടുത്ത മാസമാണു യോഗം.
സങ്കീർണമായ പ്രശ്നമാണിതെന്നു പാണ്ഡെ പറഞ്ഞു. ഭക്തരുടെ താത്പര്യവും പ്രായോഗികതയും പരിഗണിക്കേണ്ടതുണ്ട്. ക്ഷേത്ര ശ്രീകോവിലിൽ പുരുഷന്മാർക്ക് മുണ്ട്, കുർത്ത എന്നിവയും സ്ത്രീകൾക്കു സാരിയും നിർബന്ധമാക്കണമെന്നാണു ശുപാർശ.