
ബംഗളൂരു: കർണാടകയിൽസർക്കാർ ഉദ്യോഗസ്ഥയെ ഫ്ളാറ്റിനുള്ളിൽ കഴുത്തറുത്ത കൊന്ന കേസിൽ ഡ്രൈവർ അറസ്റ്റിൽ. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്‍റെ പകയാണ് കൊലക്കു പിന്നിലെന്ന് പ്രതി കിരൺ കുറ്റസമ്മതം നടത്തിയതായി പൊലീസ് വെളിപ്പെടുത്തി. 45കാരിയായ മുതിർന്ന ജിയോളജിസ്റ്റ് കെ.എസ്. പ്രതിമയെയാണ് ഞായറാഴ്ച ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗോകുൽ നഗറിലെ വിവി ടവേഴ്സിൽ പതിമൂന്നാം നിലയിലുള്ള ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. ആറു മാസമായി ഡിപ്പാർട്മെന്‍റിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന കിരണിനെ അടുത്തിടെ പിരിച്ചു വിട്ടിരുന്നു. തുടർന്ന് പുതിയ ഡ്രൈവർ ജോലിയിൽ പ്രവേശിച്ചു.
ശനിയാഴ്ച വൈകിട്ട് ഡിപ്പാർട്മെന്‍റ് ഡ്രൈവറാണ് പ്രതിമയെ ഫ്ലാറ്റിൽ എത്തിയത്. വൈകിട്ട് തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ പ്രതിമയുടെ സഹോദരൻ പ്രതീഷ് ഫ്ലാറ്റിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. കഴിഞ്ഞ 5 വർഷമായി പ്രതിമ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
കൊലപാതകത്തിനു പിന്നാലെ കിരൺ ചാമരാജ നഗറിലേക്ക് രക്ഷപ്പെട്ടിരുന്നു. കിരണിന്‍റെ മൊബൈൽ സ്വിച്ച് ഓഫ് ആയത് സംശയത്തിനു കാരണമായി, പ്രതിമയുടെ ഭർത്താവ് ശിവമോഗ്ഗയിലാണ് താമസം. പത്താം ക്ലാസുകാരനായ മകൻ റെസിഡൻഷ്യൻ സ്കൂളിലാണ്. ശനിയാഴ്ച വൈകിട്ട് 8മണിയോടെ കൊലപാതകം നടന്നു എന്നാണ് പ്രാഥമിക നിഗമനം. പ്രതിമയോട് ഏറെ അടുപ്പമുള്ളവരാണോ കൊലയ്ക്കു പിന്നിൽ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുന്നതായി പൊലീസ് വ്യക്തമാക്കി.